ഗ്രൂപ്പ് ഡിസ്‌കഷനില്‍ താരമാകണോ? വഴികളിതാ

Update:2019-07-27 17:23 IST

നല്ലൊരു ജോലിക്കാകട്ടെ, കോഴ്‌സിനുള്ള പ്രവേശനത്തിനാകെ, നിങ്ങള്‍ ഗ്രൂപ്പ് ഡിസ്‌ക ഷനെ അഭിമുഖീകരിക്കേണ്ടിവരും. എന്നാല്‍ ഇക്കാര്യത്തില്‍ വിജയിക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് ഒരിക്കല്‍ ഗ്രൂപ്പ് ഡിസ്‌കഷനിലൂടെ പോയവര്‍ക്ക് അറിയാം. ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പോലും ഗ്രൂപ്പ് ചര്‍ച്ചകളില്‍ തിളങ്ങാന്‍ കഴിയണമെന്നില്ല. കൃത്യമായ മുന്നൊരുക്കം നടത്താതെ ഇതില്‍ പങ്കെടുത്താല്‍ നിങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വരും. മാത്രമല്ല അത് നിങ്ങളുടെ ആത്മവിശ്വാസത്തെയും ബാധിക്കും. ഗ്രൂപ്പ് ഡിസ്‌കഷനിലെ താരമാകാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.

ചെയ്യേണ്ടതും ചെയ്യരുതാത്തതും

  • സ്വഭാവത്തിലും പെരുമാറ്റത്തിലും കൃത്രിമത്വം കാണിക്കാതെ നിങ്ങളാകാന്‍ ശ്രമിക്കുക. ഒരു സാഹചര്യം വരുമ്പോള്‍ നിങ്ങളെങ്ങനെ സംസാരിക്കും, പ്രതികരിക്കും അതുപോലെ ചെയ്യുക. മറ്റൊരാളാകാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ സ്വാഭാവികമായ കഴിവ് പുറത്തെടുക്കാന്‍ കഴിഞ്ഞെന്നു വരില്ല.

  • പ്രതികരിക്കുന്നതിന് മുമ്പ് എന്താണ് ഗ്രൂപ്പ് ഡിസ്‌കഷന്റെ വിഷയമെന്നു മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക.

  • നിങ്ങള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എവിടെയെങ്കിലും കുറിച്ചിടുക. മറ്റുള്ളവര്‍ ഉന്നയിക്കാനിടയുള്ള കാര്യങ്ങള്‍ക്ക് എന്താണ് ഉത്തരം പറയേണ്ടതെന്നും ആലോചിച്ച് വയ്ക്കുക.

  • വിഷയത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ മടികൂടാതെ ചോദിക്കുക.

  • മുന്‍കൂട്ടി തീരുമാനിച്ചിട്ട് എല്ലാം പറയാന്‍ കഴിയില്ല. മനസ് പരമാവധി ശാന്തമാക്കി വച്ച് സാഹചര്യത്തിനനുസരിച്ച് സംസാരിക്കുകയാണ് പ്രധാനം.

  • ബഹളം വച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് പ്രധാനമാണ് എന്നു കരുതുന്നവരുണ്ട്. എന്നാല്‍ നിങ്ങള്‍ വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു, നിങ്ങളുടെ വാദഗതികള്‍ എത്ര ശക്തമാണ് എന്നാണ് നിങ്ങളെ വിലയിരുത്തുന്നവര്‍ക്കു അറിയേണ്ടത്.

  • നിങ്ങള്‍ എത്ര നേരം സംസാരിച്ചു എന്നല്ല, നിങ്ങള്‍ പറഞ്ഞതില്‍ എത്ര കഴമ്പുണ്ടെന്നതിലാണ് കാര്യം.

  • മറ്റുള്ളവരെ കേള്‍ക്കാനുള്ള മനസ് പ്രധാനമാണ്. ലിസണര്‍ ആയിരിക്കാനും ശ്രദ്ധിക്കണം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളുടെ ശരിയായ മറുപടിയാണ് നിങ്ങള്‍ പറയേണ്ടത്.

Similar News