മുഴുവന്‍ സമയ ജോലിയോടുള്ള താല്‍പ്പര്യം മില്ലനിയല്‍സിന് കുറയുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഭൂരിപക്ഷം പേര്‍ക്കും വേണ്ടത് ഫ്രീലാന്‍സ് ജോലികളാണ്. സ്ഥിരവരുമാനം വേണ്ടെന്നുവെക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് മാറുന്ന സാഹചര്യങ്ങളാണ്.
മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂഗോ ബിസിനസ് മാധ്യമമായ മിന്റുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത ഇപ്പോള്‍ മുഴുവന്‍ സമയജോലി ചെയ്യുന്ന 80 ശതമാനം പേരും വിശ്വസിക്കുന്നത് ഫ്രീലാന്‍സ് ജോലിയാണ് കൂടുതല്‍ ലാഭകരമെന്നാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഫ്രീലാന്‍സ് ജോലി ചെയ്യുകയാണ് അവരുടെ ലക്ഷ്യം.
സര്‍വേയിലെ ചില വസ്തുതകള്‍.
- ഫ്രീലാന്‍സ് ജോലിയോടുള്ള താല്‍പ്പര്യം എല്ലാ മേഖലയില്‍പ്പെട്ടവര്‍ക്കുമുണ്ടായിരുന്നു. എങ്കിലും ആര്‍ട്‌സ്, എന്റര്‍ടെയ്ന്‍മെന്റ് വിഭാഗം, ധനകാര്യസേവനം, എന്‍ജിനീയറിംഗ് എന്നീ മേഖലകളിലുള്ളവരാണ് ഫ്രീലാന്‍സ് ജോലിയോട് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
- ഫുള്‍ടൈം ജോലിയുള്ളവരും വരുമാനം കുറഞ്ഞവരെക്കാള്‍ വരുമാനം കൂടുതലുള്ളവരും വിവാഹിതരെക്കാള്‍ അവിവാഹിതരുമാണ് ഫ്രീലാന്‍സ് ജോലി മതിയെന്ന് പറഞ്ഞവരിലേറെയും.
- കമ്പനികള്‍ ഇടക്കിടെ മാറുന്നവരാണ് ഈ റിസ്‌ക് ഏറ്റെടുക്കാന്‍ കൂടുതലായി ധൈര്യം കാണിക്കുന്നത്.
- സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് ഫ്രീലാന്‍സ് ജോലിയോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നത്.
ഫ്രീലാന്‍സ് വര്‍ക് തരുന്ന സ്വാതന്ത്യവും കുടുതല്‍ വരുമാനവുമാണ് ഇവരെ ആകര്‍ഷിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 5,038 പേരില്‍ 2709 പേരും മില്യണനിയല്‍സും (1981നും 1996നും ഇടയില്‍ ജനിച്ചവര്‍) 1188 പേര്‍ ജനറേഷന്‍ ഇസഡും (1996ന് ശേഷം ജനിച്ചവര്‍) ബാക്കിയുള്ള ജനറേഷന്‍ എക്‌സും (1981ന് മുമ്പ് ജനിച്ചവര്‍) ആയിരുന്നു.