വൈദ്യുതി നിയന്ത്രണം: കെ.എസ്.ഇ.ബിയുടെ തീരുമാനം ഇന്നറിയാം
ഉപഭോഗം കുറയ്ക്കണമെന്ന് ഉപയോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരുന്നു
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണോയെന്ന് തീരുമാനിക്കാന്‍ കെ.എസ്.ഇ.ബി ഇന്ന് വീണ്ടും യോഗം ചേരും. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇപ്പോള്‍ മഴ അധികമായി ലഭിച്ചതിനാല്‍ ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. കഴിഞ്ഞമാസം മഴ കുറഞ്ഞുനിന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ഉപയോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചിരുന്നു. വൈകുന്നേരങ്ങളിലെ ഉപയോഗം നിയന്ത്രിക്കണമെന്നായിരുന്നു അഭ്യര്‍ത്ഥന.
വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍
അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി കെ.എസ്.ഇ.ബി ഇന്ന് ഹ്രസ്വകാല ടെന്‍ഡറും തുറക്കും. 700 മെഗാവാട്ട് വൈദ്യുതിയാണ് അധികം വാങ്ങുന്നത്. തിരിച്ച് കൊടുക്കല്‍ കരാര്‍ പ്രകാരം 500 മെഗാവാട്ടും 15 ദിവസത്തിന് ശേഷം തുക നല്‍കുന്ന വ്യവസ്ഥയില്‍ 200 മെഗാവാട്ടും വൈദ്യുതിയാണ് വാങ്ങുന്നത്. മലയോരങ്ങളില്‍ മഴ ശക്തമായതോടെ കെഎസ്ഇബിയുടെ ആറ് ഡാമുകളില്‍ ജലനിരപ്പ് കഴിഞ്ഞ ആഴ്ചയേക്കാള്‍ മെച്ചപ്പെട്ട് 50 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ 28 ശതമാനത്തോളം മാത്രമാണ് ജലനിരപ്പ്.