ടെസ്‌ല ഇന്ത്യന്‍ നിര്‍മ്മാണഘടകങ്ങൾ വാങ്ങിയേക്കും; ഉന്നതര്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക്
ഇറക്കുമതി തീരുവ വലിയ തടസമാണെന്നും തത്കാലത്തേക്കെങ്കിലും തീരുവ കുറയ്ക്കണമെന്നും ടെസ്‌ല
ഇന്ത്യന്‍ നിര്‍മ്മാണഘടകങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ടെസ്‌ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈയാഴ്ച എത്തും. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി ടെസ്‌ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി ജൂണില്‍ അമേരിക്ക സന്ദർശിക്കാനിരിക്കേയാണ് ഈ കൂടിക്കാഴ്ച.
ഇന്ത്യയില്‍ ഔദ്യോഗിക വില്‍പന ആരംഭിക്കാന്‍ ശ്രമിക്കുന്ന ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് കാര്‍ നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ മുമ്പ് ചില ഉപാധികള്‍ മുന്നോട്ട് വച്ചിരുന്നു. ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായി ടെസ്‌ല പ്രതിവര്‍ഷം 50 കോടി ഡോളറിന്റെ (ഏകദേശം 3,800 കോടി രൂപ) ഇന്ത്യന്‍ നിര്‍മ്മാണഘടകങ്ങള്‍ വാങ്ങണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉപാധി.
ഇറക്കുമതി നികുതി ആശങ്ക
ഇന്ത്യയിലെ ഇറക്കുമതി നികുതി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നം ഇറക്കുന്നതിന് കുറഞ്ഞ നികുതിയാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. അതിനാല്‍ ഇറക്കുമതി തീരുവ വലിയ തടസമാണെന്നും തത്കാലത്തേക്കെങ്കിലും തീരുവ കുറയ്ക്കണമെന്നും ടെസ്‌ല മുമ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തീരുവ കുറയ്ക്കണമെങ്കില്‍ ടെസ്‌ല ആദ്യം ഇന്ത്യയില്‍ വാഹന നിര്‍മ്മാണശാല തുറക്കണമെന്ന് കേന്ദ്രം അന്ന് ആവശ്യപ്പെട്ടു.
മാത്രമല്ല ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും പക്ഷേ കമ്പനി ചൈനയില്‍ കാറുകള്‍ നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യരുതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഇതോടെ ടെസ്‌ല ഇന്ത്യയില്‍ എത്തുന്ന കാര്യം പ്രതിസന്ധിയിലാകുകയായിരുന്നു.
നിലവിലും ടെസ്‌ലയ്ക്ക് ഇറക്കുമതി തീരുവയില്‍ ആശങ്കളുണ്ട്. ഇപ്പോള്‍ ടെസ്‌ലയുടെ പ്രതിനിധികള്‍ ഇന്ത്യയിലെത്തുന്നതോടെ തര്‍ക്കങ്ങള്‍ക്ക് അയവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ലയുടെ വിതരണ, നിര്‍മാണ, വികസന വിഭാഗങ്ങളിലെ ഉന്നതരാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയില്‍ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവും കമ്പനി മുന്നോട്ടുവെച്ചേക്കും.