ഇന്ത്യയും ഊര്‍ജ്ജ ക്ഷാമത്തിലേക്കോ..അവശേഷിക്കുന്നത് നാല് ദിവസത്തേക്കുള്ള കല്‍ക്കരി
കല്‍ക്കരി തീര്‍ന്നതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 30ന് 15 നിലയങ്ങളുടെ പ്രവര്‍ത്തനം ആണ് തടസപ്പെട്ടത്. രാജ്യത്തെ ആകെ വൈദ്യുതിയുടെ 70 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
കല്‍ക്കരി വിതരണത്തില്‍ നേരിട്ട പ്രതിസന്ധയെ തുടര്‍ന്ന് രാജ്യം ഊര്‍ജ്ജ ക്ഷാമത്തിലേക്ക്. ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച് രാജ്യത്തെ 50 ഓളം നിലയങ്ങലില്‍ 4 മുതല്‍ 10 ദിവസം വരെ ഉത്പാദനത്തിന് ആവസ്യമായ കല്‍ക്കരി ആണ് അവശേഷിക്കുന്നത്. 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്റ്റംബര്‍ 30ന് കല്‍ക്കരി തീര്‍ന്നിരുന്നു. രാജ്യത്തെ ആകെ വൈദ്യുതിയുടെ 70 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
ഓഗസ്റ്റ് മാസം ഉണ്ടായ കനത്ത മഴയില്‍ പല ഖനികളിലും ഉത്പാദനം മുടങ്ങിയതും കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ രാജ്യത്തെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മണ്‍സൂണിന് മുമ്പെ ആവശ്യത്തിന് കല്‍ക്കരി സംഭരിക്കാതിരുന്നതും തിരിച്ചടിയായി.
സാധാരണ ഉണ്ടാകുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ കല്‍ക്കരി പ്രതിസന്ധിയെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍കെ സിംഗ് പ്രതികരിച്ചത്.
നിലവിലെ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായാല്‍, കൊവിഡില്‍ നിന്ന് കരകയറുന്ന സമ്പത്ത് വ്യവസ്ഥയെ അത് കാര്യമായി ബാധിച്ചേക്കും. ചൈനയിലെയും യൂറോപ്പിലെയും ഊര്‍ജ്ജ പ്രതിസന്ധി ആഗോളതലത്തില്‍ കല്‍ക്കരിയുടെ വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഇത് ഇറക്കുമതി ചെലവും ഉയര്‍ത്തും. മഴമാറി ഖനികളിലെ ഉത്പാദനം സാധാരണഗതിയില്‍ ആകുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്
അതേ സമയം രാജ്യത്തെ കല്‍ക്കരി ഉത്പാദനം 2024 ഓടെ ഒരു ബില്യണ്‍ ടണ്‍ ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഇന്നലെ പുറത്തിറക്കിയ കല്‍ക്കരി മന്ത്രാലയത്തിന്റെ അജണ്ടയില്‍ പറയുന്നത്. 202-21 കാലയളവില്‍ 716 മില്യണ്‍ ടണ്‍ ആയിരുന്നു രാജ്യത്തെ കല്‍ക്കരി ഉത്പാദനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8 ലക്ഷം ടണ്‍ കല്‍ക്കരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.