എന്‍ജിന്‍ തകരാര്‍, എയര്‍ലൈന്‍ വ്യവസായം പ്രതിസന്ധിയിലാകുമോ?
കഴിഞ്ഞ ഒരാഴ്ചയായി പറത്താന്‍ കഴിയാതെ 22 ശതമാനം വിമാനങ്ങള്‍
എന്‍ജിന്‍ തകരാര്‍ മൂലം ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് വിമാനങ്ങള്‍ പറത്താന്‍ കഴിയാത്ത അവസ്ഥ വര്‍ധിക്കുന്നു. ഏഴ് എയര്‍ലൈന്‍ കമ്പനികള്‍ ചേര്‍ന്ന് 655 വിമാനങ്ങളാണ് സര്‍വീസ് നടത്താനായി ഉപയോഗിക്കുന്നത്. അതില്‍ 147 എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് പ്രമുഖ ബിസിനസ് ദിനപത്രം ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനങ്ങളെ നിരീക്ഷിക്കുന്ന വെബ് പോര്‍ട്ടലുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലായ ഗോഫസ്റ്റ് കമ്പനിയുടെ 54 വിമാനങ്ങളില്‍ പകുതിയും എഞ്ചിന്‍ തകരാര്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രാറ്റ് & വിറ്റ്‌നി എഞ്ചിനുകളാണ് അവരുടെ എയര്‍ ബസ് 320 ല്‍ ഉപയോഗിക്കുന്നത്.
സര്‍വീസ് നടത്താനാകാതെ കമ്പനികള്‍
ഇന്‍ഡിഗോയ്ക്ക് മൊത്തം 264 വിമാനങ്ങള്‍ ഉള്ളതില്‍ 40 എണ്ണത്തിന്റേയും എഞ്ചിന്‍ തകരാറിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എയർ ഇന്ത്യയുടെ മൊത്തം 118 വിമാനങ്ങളില്‍ 18 എണ്ണവും സ്പൈസ് ജെറ്റിന്റെ 61 വിമാനങ്ങളില്‍ 27 എണ്ണവും എന്‍ജിന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വിസ്താരയുടെ 63 വിമാനങ്ങളില്‍ 4 എണ്ണവും എയര്‍ ഏഷ്യയുടെ 28 വിമാനങ്ങളില്‍ ഒരെണ്ണവും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 28 വിമാനങ്ങളില്‍ 3 എണ്ണവുമാണ് തകരാറിലായിരിക്കുന്നത്.
വാഡിയ ഗ്രൂപ്പിന് കീഴില്‍ വരുന്ന ഗോഫസ്റ്റ് എയര്‍ലൈന്‍ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം പ്രാറ്റ് & വിറ്റ് നി എഞ്ചിന്‍ തകരാറാണെന്ന് കമ്പനി മേധാവികള്‍ ആരോപിച്ചിരുന്നു
എയര്‍ ബസ് സി.ഇ.ഒ പാരിസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രാറ്റ് & വിറ്റ്‌നിയില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്ടുകളും എഞ്ചിനുകളും ലഭിക്കാത്തത് കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നതായി സമ്മതിച്ചിട്ടുണ്ട്. അത് മൂലം വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവും ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഗോഫസ്റ്റ് കമ്പനി ഉന്നയിച്ച ആരോപണത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.