കയറ്റുമതി രംഗത്തുള്ളവര്‍ ഏറെ ഉപയോഗിക്കുന്ന ഇ പി സി ജി പദ്ധതിയുടെ പിന്നിലെ കുരുക്കള്‍ അറിയാം
നിലവിലെ വിദേശവ്യാപാര നയ-നടപടിക്രമങ്ങളില്‍ കയറ്റുമതി വ്യാപാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു സ്‌കീം ആണ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ക്യാപിറ്റല്‍ ഗുഡ്സ് സ്‌കീം (ഇ പി സി ജി). എന്നാല്‍ ഇപിസിജിയിലെ കുരുക്കുകള്‍ അറിഞ്ഞില്ലെങ്കില്‍ സംരംഭകര്‍ക്ക് മുന്നോട്ട് പോകാനാകില്ല. കണ്‍സള്‍ട്ടന്റ് ബാബു എഴുമാവില്‍ എഴുതുന്നു.
കയറ്റുമതി വ്യവസായ രംഗത്തുള്ളവരുടെ കണ്ണ് എപ്പോഴും ചക്രവാള സീമകള്‍ക്കപ്പുറമാകണം. അന്താരാഷ്ട്ര വിപണിയുടെ സ്പന്ദനവും സ്വഭാവവും അറിഞ്ഞിരിക്കണം. കയറ്റുമതി വ്യവസായം ഒരു അനുകരണമാവരുത്, എന്നു പറഞ്ഞാല്‍, അതേ പടി പകര്‍ത്താനുള്ളതല്ല. നാം നമ്മുടേതായ രീതിയില്‍ വേണം ചെയ്യാന്‍. കാക്ക ഏകാദശി നോറ്റ പോലെയാവരുത്. എന്നുവെച്ചാല്‍ ഒരാള്‍ ഒരു ഉല്‍പ്പന്നം നിര്‍മ്മിച്ചു അതിലൂടെ അയാള്‍ വളര്‍ന്നു. അതു കണ്ട് മറ്റൊരാള്‍ നോക്കിയാല്‍ വിജയിക്കണമെന്നില്ല. ചിലപ്പോള്‍ അയാളെക്കാള്‍ ഉയര്‍ന്നു പോയി എന്നും വരാം. ഇതെല്ലാം ശ്രദ്ധയുടെയും ആത്മാര്‍ത്ഥതയുടെയും ഫലമാണ്. സ്വന്തം വിപണി ഉണ്ടാക്കിയെടുക്കണം. അതുപോലെ മികവാര്‍ന്ന ഉല്‍പ്പന്നങ്ങളും വേണം.
സാധ്യതകള്‍ ഉയര്‍ന്നുവരുന്നതിന്റെ ഒരു ഉദാഹരണം പറയാം. ഇറാഖ് - ഇറാന്‍ യുദ്ധത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. യുദ്ധം കഴിഞ്ഞപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടും മൂന്നും മടങ്ങായി വര്‍ദ്ധിച്ചു. അപ്പോള്‍ നിര്‍മ്മാണ സാമഗ്രികളുടെ, പ്രധാനമായും സിമന്റ്, ഇരുമ്പുകമ്പികള്‍ എന്നിവയുടെ ആവശ്യം കൂടി. അങ്ങനെ ആ രംഗത്തെ വ്യവസായം തഴച്ചു വളര്‍ന്നു.
കയറ്റുമതിയില്‍ കടങ്ങളും കടപ്പാടുകളും ചുമതലയുമുണ്ട്. അവയെല്ലാം തന്നെ ഭാരിച്ചതാവാം. കാരണം, കയറ്റുമതി ഇടപാടുകളിലെ തുകകള്‍ ഇന്ത്യക്കുള്ളില്‍ നടത്തുന്ന ഇടപാടുകളിലേക്കാള്‍ വലുതാവും. പല കമ്പനികളും കയറ്റുമതികൊണ്ട് നന്നായിട്ടുണ്ട്, അതു പോലെ തകര്‍ന്നിട്ടുമുണ്ട്. അധികവും, ഒരു നോട്ടപ്പിശകിലോ അശ്രദ്ധകൊണ്ടോ അല്ലെങ്കില്‍ അമിത വിശ്വാസത്താലോ ആവാം. ബാധ്യതകള്‍ കുന്നുകൂടി, ഞെരുങ്ങി പുനര്‍ഘടനക്ക് സാദ്ധ്യതയില്ലാതെ അടഞ്ഞു പോയ കമ്പനികളും ഉണ്ട്. പുനര്‍ജ്ജനിച്ചവരും കുറവല്ല.
കടങ്ങള്‍ എന്നു പറഞ്ഞാല്‍, കയറ്റുമതി നടത്തുന്നത് ഭാരിച്ച തുകയ്ക്കാകും. അങ്ങനെ ഒരു തുക സ്വന്തമായി എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ കടം വാങ്ങുക സാധാരണമാണ്. ബാങ്കും സഹായധനം തരുന്നുണ്ട്; ചില നിബന്ധനകളോടെ. ''എക്‌സ്‌പോര്‍ട്ട് പാക്കിംഗ് ക്രെഡിറ്റ്'' ''ഇന്ററസ്റ്റ് സബ് വെന്‍ഷന്‍'' തുടങ്ങിയവയാണ് ബാങ്കിലൂടെ ലഭ്യമാവുന്നത്.
കടപ്പാട് അഥവാ ബാധ്യതകള്‍ ഉണ്ട്. ചില സ്‌കീമുകള്‍ ബാധ്യതയുള്ളതാണ്. കസ്റ്റംസ് തീരുവ ഇളവു ചെയ്തു കിട്ടുമ്പോള്‍ 'നിബന്ധനകള്‍ക്ക് വിധേയം' എന്ന ചെറുവാചകത്തില്‍ കുറിച്ചിരിക്കുന്ന കാര്യം കയറ്റുമതിക്കാര്‍ സ്വയം ഏറ്റെടുക്കുന്ന ചുമതലയുമാണ്.
നിലവിലെ വിദേശവ്യാപാര നയ-നടപടിക്രമങ്ങളില്‍ കയറ്റുമതി വ്യാപാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു സ്‌കീം ആണ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ക്യാപിറ്റല്‍ ഗുഡ്സ് സ്‌കീം (ഇ പി സി ജി). സദുദ്ദേശത്തോടെയുള്ള ഒരു സഹായഹസ്തമാണ് ഇത്. വ്യവസായികള്‍, കയറ്റുമതി ചെയ്യാനും കൂടിയുള്ള ഉദ്ദേശത്തോടെ തുടങ്ങാന്‍ പോകുന്ന ഒരു സംരംഭത്തിന്, നിലവിലുള്ള സംരംഭങ്ങള്‍ക്കും, മെഷിനറികളുടെ ഇറക്കുമതി തീരുവയില്‍ നിന്ന് പൂര്‍ണ്ണ ഇളവ്. നിബന്ധനയില്‍ പറഞ്ഞിരിക്കുന്ന സമയ പരിധിക്കുള്ളില്‍ കയറ്റുമതി നടത്തി ഏറ്റെടുത്തിരിക്കുന്ന അത്രയും വിദേശനാണ്യം ഇന്ത്യയില്‍ എത്തിച്ചിരിക്കണം. ഇതാണ് ഉത്തരവാദിത്തം.
മെഷിനറിയുടെ വില, അതായത് ഇന്ത്യന്‍ പോര്‍ട്ടില്‍ വരെയുള്ള, എന്ന് വെച്ചാല്‍ സി ഐ എഫ് തുകയുടെ അടിസ്ഥാനത്തില്‍ കൊടുക്കേണ്ടി വരുന്ന തീരുവയുടെ ആറ് ഇരട്ടി, ആറു വര്‍ഷക്കാലാവധിയില്‍ കയറ്റുമതി ചെയ്തു തീര്‍ക്കണം. നിലവില്‍, ഇതേ ഉല്‍പ്പന്നമോ അതിനോട് സാദൃശ്യമുള്ള ഉല്‍പ്പന്നമോ കയറ്റുമതി ചെയ്യുന്നവരാണെങ്കില്‍, അതും അവയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരിയും കയറ്റുമതി ബാധ്യതയില്‍ വരും. അതുകൊണ്ട് ഈ സ്‌കീമിനെപ്പറ്റി വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കാതെ ഈ സ്‌കീം ഉപയോഗിക്കരുത്. കാരണം ഇപ്പോഴത്തെ ആഗോള മാര്‍ക്കറ്റിന്റെ സ്ഥിതിയായിരിക്കില്ല ഭാവിയില്‍. പ്രവചനാതീതമാണ്. കയറ്റിറക്കങ്ങളുടെ രീതി മുന്‍കൂട്ടി നിശ്ചയിക്കാന്‍ പറ്റില്ല. ലോകം പോലെ തന്നെ ഇപ്പോള്‍ വിപണിയും തുറന്നതാണ്. മത്സരവും കുറവല്ല.
ഇറക്കുമതി ചെയ്യുന്നതിന് മുന്‍പായി ഇ പി സി ജി ഓതറൈസേഷന്‍ കസ്റ്റംസില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കണം. അതിന് വേണ്ടി, ഇളവു കിട്ടിയ തീരുവയുടെ തുകയ്ക്കോ അതിന്റെ 15 ശതമാനത്തിന്റെയോ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാം. അതിന്റെ നിബന്ധനകള്‍ വേറേ ആണ്. നിബന്ധനകള്‍ പാലിക്കാന്‍ കഴിയാതെ പോയാല്‍ മുഴുവന്‍ തീരുവയും 18 ശതമാനം പലിശയോടെ കസ്റ്റംസില്‍ നിക്ഷേപിക്കണം. അഥവാ കയറ്റുമതി നടന്നിട്ടുണ്ടെങ്കില്‍ അത് സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍, തീരുവയും പലിശയും ആനുപാതികമായി കുറഞ്ഞിരിക്കും. പരാജയമാണെന്ന് തോന്നിത്തുടങ്ങുമ്പോള്‍ തീരുമാനിച്ചാല്‍ പലിശക്കാലം കുറയും. തുടരാമെന്ന് വിശ്വാസമുണ്ടെങ്കില്‍ കയറ്റുമതിക്കാലാവധി നീട്ടാനും അപേക്ഷ കൊടുക്കാം.
അതു കൊണ്ട് തുടക്കത്തില്‍ നല്ലൊരു തുക ലാഭമായിത്തോന്നിയാലും ഭവിഷ്യത്തുകള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഏറ്റവും ശ്രദ്ധിക്കേണ്ട നിബന്ധന, ഇതേ മെഷിനറികളുപയോഗിച്ച് നിര്‍മ്മിക്കുന്ന, ഉല്‍പ്പാദിപ്പിക്കുന്ന, ഉല്‍പ്പന്നങ്ങള്‍ മാത്രം കയറ്റുമതി ചെയ്തു വേണം ഈ ബാധ്യതയില്‍ നിന്നൊഴിവാകാന്‍.
മറ്റുള്ളവര്‍ നിര്‍മ്മിക്കുന്ന ഇതേ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കയറ്റുമതി നടത്തിയാല്‍ പോര. പക്ഷെ കയറ്റുമതി മറ്റൊരാള്‍ ചെയ്താലും മതി, ഉല്‍പ്പന്നം ഈ മെഷിനറി ഉപയോഗിച്ച് നിര്‍മ്മിച്ചതായിരിക്കണം. ബാധ്യത തീര്‍ന്ന് ഡിജിഎഫ്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെ മെഷിനറികള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. അംഗീകാരമില്ലാതെ മറ്റൊരിടത്തേക്ക് മാറ്റാനും പാടില്ല.
പലപ്പോഴും കണ്ടുവരുന്നത് അമിതാവേശം, അല്ലെങ്കില്‍ മറ്റൊരാളോടു ചോദിക്കാനുള്ള വൈമനസ്യം. ഇവിടെ ഒരു മടിയും വിചാരിക്കണ്ട, നമ്മളുടെ സ്വന്തം പണമാണ് നിക്ഷേപിച്ചിരിക്കുന്നത്, അത്രയും പണം നിക്ഷേപമായി മാറ്റാന്‍ എത്രകാലം പണിയെടുത്തൂ എന്ന് ചിന്തിക്കണം. എന്റെ പണം, നഷ്ടം എനിക്ക് മാത്രം, നിങ്ങള്‍ക്കെന്ത് എന്ന ചോദ്യം മനസ്സില്‍ ഉയരാം. തെറ്റു പറയാനില്ല. സമയവും നിങ്ങളുടെ തന്നെ.
പ്രയോജനരഹിതമായില്ലേ പ്രവൃത്തികള്‍. ചിലപ്പോള്‍ ഇനിയും ഒരു അങ്കത്തിന് അവസരമുണ്ടായെന്ന് വരില്ല. അല്ലെങ്കില്‍ ആ അവസരത്തിനെ വീണ്ടും ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ ഉപയോഗിക്കാമായിരുന്നു. അപകട സാധ്യത അറിഞ്ഞു കൊണ്ട് കാര്യങ്ങള്‍ നീക്കുക. കാരണം ഇതിന് ഇളവുകള്‍ സുപ്രീം കോടതി പോലും വയ്യെന്നു പറഞ്ഞിട്ടുണ്ടത്രെ. കാരണം, ഇതെല്ലാം മുന്‍ കുൂട്ടി പറഞ്ഞിട്ടുണ്ടെന്നും, മനസ്സിലായതും മനസ്സിലാക്കിയിട്ടുള്ളതും ആണത്രെ.
ഒരിക്കല്‍ ഒരു വലിയ കയറ്റുമതിക്കാരനും അദ്ദേഹത്തിന്റെ ചീഫ് എക്‌സിക്യൂട്ടിവുമായി ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു, ഇതെല്ലാം ഇപ്പോള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമല്ലേ, ഒരു കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ആവശ്യമൊന്നുമില്ല. അവരുടെ ബിസിനസ്സുമായി അടുപ്പമുള്ള ഒരു മൂന്നാമന്‍ കൂടിയുണ്ടായിരുന്നു. ഗുജറാത്തില്‍ നിന്ന് വന്ന അതിഥിയല്ലേ, ഉച്ചയൂണ് സല്‍ക്കാരത്തിന് ക്ഷണിച്ചു. ഞങ്ങള്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ വെറുതെ ചോദിച്ചു നിങ്ങള്‍ക്ക് കിട്ടുന്ന ഡി ഇ പി ബി എന്താണ് ചെയ്യുന്നത്, കൈമാറ്റം ചെയ്യുമോ അതോ നിങ്ങളുടെ ഇറക്കുമതിക്ക് ഉപയോഗിക്കുമോ? അതെന്താണ് സാധനം എന്ന് അവര്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു, കേട്ടപ്പോള്‍ വറ്റു ഇടത്തൊണ്ടയില്‍ പോയി, ചുമയോടു ചുമയായി. അല്പം ശമിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ''എന്തു പറ്റി?''.
ഉടമസ്ഥന്‍ ആകെ വല്ലാതായി, എന്നിട്ട് പറഞ്ഞു, ''ഇതു വരെ ഒന്നും ചെയ്തിട്ടില്ല, വന്‍ നഷ്ടം.''. ''സാരമില്ല, സമയമുണ്ട്, ലേറ്റ് കട്ട്'' ഉണ്ടാവും. പക്ഷേ നിങ്ങള്‍ക്കവകാശപ്പെട്ട പണം, ഒരു പക്ഷേ ബിസിനസ്സില്‍ റോള്‍ ചെയ്യാന്‍ കഴിയുമായിരുന്ന പണം, ബാങ്കിന്റെ ലോണ്‍ കുറക്കാമായിരുന്നു. ബിസ്സിനസ്സില്‍ പണവും സമയവുമാണ് മുഖ്യം. ഇവിടെ ലാഭത്തിലെ നഷ്ടം മാത്രം. മറ്റൊന്നും പറ്റിയിട്ടില്ല. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരമില്ല, ഇന്‍ഷുറന്‍സ് ഇല്ലല്ലോ!
ഇന്‍ഷുറന്‍സ് എടുക്കാന്‍ മടിക്കരുത്
കയറ്റുമതിചെയ്യുന്ന ഏതിനും ഇന്‍ഷുറന്‍സ് എടുക്കാന്‍ മടി കാണിക്കരുത്. ചരക്കുകള്‍ക്ക് ഇന്‍ഷുറന്‍സുള്ളതു പോലെ കപ്പലിനും ഇന്‍ഷുറന്‍സുണ്ട്. മൊത്തം ചരക്കുകളുമായി പോകുമ്പോള്‍ അവര്‍ ഇന്‍ഷുര്‍ ചെയ്യും കപ്പലും ചരക്കുകളും ഒരുമിച്ച്. ഇതെല്ലാം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസ്‌ക്ക് ആണ്. നഷ്ടപരിഹാരം ചില നടപടിക്രമങ്ങള്‍ക്ക് ശേഷം ലഭിക്കുന്നു.
എന്നാല്‍ ചില രാജ്യങ്ങള്‍ റിസ്‌ക്ക് കാറ്റഗറിയില്‍ പെടുന്നു. കയറ്റുമതി ചെയ്ത ശേഷം അവിടെ എന്തെങ്കിലും വിദേശനാണ്യ പ്രശ്‌നമുള്‍പ്പടെ സംഭവിച്ചാല്‍, കസ്റ്റമര്‍ എന്തേങ്കിലും കാരണം പറഞ്ഞ് പേമെന്റ് തരാതിരുന്നാല്‍ സമീപിക്കാവുന്നതാണ് ഈ സി ജി സി എന്ന സ്ഥാപനത്തെ. ചില നടപടിക്രമങ്ങള്‍ക്ക് വിധേയമായിട്ടാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം. ഇതൊരു കേന്ദ്ര സര്‍ക്കാര്‍ സംരംഭമാണ്.
എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് & ഗ്യാരണ്ടീ കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ ലിമിറ്റഡ്, പിന്നീട് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ ലിമിറ്റഡ് ആയി. ഇപ്പോള്‍ ഇ സി ജി സി ലിമിറ്റഡ് ആണ്. ഒരു അപരിചിത കസ്റ്റമറെ കിട്ടിയാല്‍, ഇവരുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് റിപ്പോര്‍ട്ടെടുക്കാം. ഒപ്പം ചില നിബന്ധനകളും. ഈ സി ജീ സി പോളിസി ഒരു കയറ്റുമതിക്കാരന് അഭികാമ്യമാണ്, ചിലപ്പോള്‍ ആവശ്യവും.
(കയറ്റുമതി മേഖലയിലെ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന, നാല് ദശാബ്ദക്കാലമായി കയറ്റുമതി ഇറക്കുമതി കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാബു എഴുമാവില്‍ (എക്‌സിം എക്‌സ്‌പോര്‍ട്‌സ്, അഹമ്മദാബാദ്) എഴുതുന്ന പംക്തിയില്‍ ധനം പ്രസിദ്ധീകരിച്ചത്)