പ്രവർത്തനം മെച്ചപ്പെടുത്താൻ കേരള കമ്പനിയുടെ പ്രാഗത്ഭ്യം തേടി എത്തിഹാദ്

Update: 2019-04-19 04:30 GMT

യുഎഇയുടെ ദേശീയ എയർലൈനായ എത്തിഹാദ് എയർവേയ്സിന് ടെക്നോളജി സൊല്യൂഷൻ നല്കാൻ തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ് വെയർ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ മികവാർന്ന പ്രകടനമാണ് എത്തിഹാദ് ലക്ഷ്യമിടുന്നത്.

നിലവിലെ നെറ്റ് വർക്ക് നിയന്ത്രണ സംവിധാനവും ഹബ് മാനേജ്മെന്റ് സംവിധാനവും മാറ്റി പുതിയ സംവിധാനം വികസിപ്പിക്കുകയാണ് ഐബിഎസിന്റെ ദൗത്യം. ജീവനക്കാർ നേരിട്ട് പ്രോസസ്സ് ചെയ്യേണ്ട ജോലികൾ ഓട്ടോമേറ്റഡ് ആക്കാൻ ഇത് സഹായിക്കും.

കരാർ അനുസരിച്ച്, ഐബിഎസിന്റെ സഹായത്താൽ യാത്രക്കാരെ നിരീക്ഷിക്കാനും മാനേജ് ചെയ്യാനും മറ്റുമുള്ള സംവിധാനങ്ങൾ ഓട്ടോമേറ്റഡാക്കും. എയർക്രാഫ്റ്റുകൾ അസൈൻ ചെയ്യുന്നതും ഫ്ലൈറ്റ് ട്രാക്ക് ചെയ്യുന്നതിനും മറ്റും പുതിയ നെറ്റ് വർക്ക് സംവിധാനം എത്തിഹാദിന് ഉപയോഗപ്പെടുത്താം.

ഓപ്പറേഷണൽ കണ്ട്രോൾ ടീമിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, തീരുമാനങ്ങൾ എടുക്കുന്നത് കൂടുതൽ വേഗത്തിലാക്കുക എന്നിവയും ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Similar News