ഓഹരി നിക്ഷേപകരേ ജാഗ്രതൈ! പണം തട്ടാന്‍ എന്‍.എസ്.ഇ മേധാവിയുടെ പേരിലും ഡീപ് ഫെയ്ക്ക് വീഡിയോ
നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒയും എം.ഡിയുമായ ആഷിഷ്‌കുമാര്‍ ചൗഹാന്റെ പേരിലും തട്ടിപ്പ് വീഡിയോകള്‍ പരക്കുന്നതായി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ്. ഓഹരി ശിപാര്‍ശകളായും നിക്ഷേപ ഉപദേശങ്ങളായും ഇന്റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ പരക്കുന്ന സാഹചര്യത്തിലാണ് എന്‍.എസ്.ഇ ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഇത്തരത്തില്‍ വീഡിയോകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി സന്ദേശങ്ങളില്‍ വ്യക്തത വരുത്തണമെന്നും എന്‍.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീപ് ഫെയ്ക്ക് വീഡിയോകൾ
ആഷിഷ്‌കുമാര്‍ ചൗഹാന്റെ ശബ്ദവും മുഖവും ഉപയോഗിച്ച് എന്‍.എസ്.ഇയുടെ ലോഗോയും ഉള്‍പ്പെടുത്തിയുള്ള വീഡിയോകളാണ് പരക്കുന്നത്. ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യകളുടെ സഹായത്താലാണ് ഇത്തരം വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.