ഫസ്റ്റ്‌ക്രൈ ഐ.പി.ഒ: രത്തന്‍ ടാറ്റയ്ക്ക് കോളടിച്ചു, നേട്ടത്തില്‍ മുന്നില്‍ മഹീന്ദ്ര, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നഷ്ടം
ഓഗസ്റ്റ് ആറ് മുതല്‍ എട്ട് വരെയാണ് ഐ.പി.ഒ, വിലയും വിശദാംശങ്ങളും അറിയാം
കിഡ്‌സ്‌വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫസ്റ്റ്‌ക്രൈയുടെ മാതൃകമ്പനിയായ ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐ.പി.ഒ) ഇറങ്ങുമ്പോള്‍ കോളടിച്ചത് ബിസിനസ് രംഗത്തെ അതികായനായ സാക്ഷാല്‍ രത്തന്‍ ടാറ്റയ്ക്കാണ്. ഒറ്റ ദിവസം കൊണ്ട് 2.96 കോടി രൂപയുടെ അഥവാ 448.9 ശതമാനത്തിന്റെ നേട്ടമാണ് രത്തന്‍ ടാറ്റയ്ക്ക് ലഭിക്കുക.
സോഫ്റ്റ് ബാങ്കും പ്രേംജിയും നിക്ഷേപ പിന്തുണ നല്‍കിയിട്ടുള്ള ഫസ്റ്റക്രൈയില്‍ 2016ല്‍ 66 ലക്ഷം രൂപയ്ക്ക് 0.02 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ രത്തന്‍ ടാറ്റ ഐ.പി.ഒയില്‍ തന്റെ കൈയിലുള്ള 77,900 ഓഹരികളും വില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സെബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ആര്‍.എച്ച്പി പ്രകാരം ഓഹരിയൊന്നിന് ശരാശരി 84.72 രൂപ നിരക്കിലാണ് രത്തന്‍ ടാറ്റ ഓഹരി നേടിയത്.
ഇതു പ്രകാരം ഫസ്റ്റ്‌ക്രൈയിലെ രത്തന്‍ ടാറ്റയുടെ നിക്ഷേപം 66 ലക്ഷം രൂപയാണ്. ഐ.പി.ഒയില്‍ ഓഹരിയുടെ അപ്പര്‍ പ്രൈസ് ബാന്‍ഡായ 465 രൂപ പ്രകാരം ഈ നിക്ഷേപത്തിന്റെ മൂല്യം 3.62 കോടിയായി ഉയരും.
ഫസ്റ്റ്‌ക്രൈയില്‍ 11 ശതമാനം ഓഹരിയുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഐ.പി.ഒയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുക. ഓഹരി മൂല്യത്തില്‍ ആറ് മടങ്ങോളം വര്‍ധനയുണ്ടാകും. ശരാശരി 77.96 രൂപ നിരക്കിലാണ് മഹീന്ദ്ര ഓഹരികള്‍ സ്വന്തമാക്കിയത്.
സച്ചിന്റെ നഷ്ടം
അതേ സമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ഫസ്റ്റ്‌ക്രൈയില്‍ നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് ചില നിക്ഷേപകര്‍ക്ക് അവരുടെ കൈവശമുള്ള ഓഹരികളില്‍ മൂല്യനഷ്ടമാണ് ഐ.പി.ഒയില്‍ ഉണ്ടാകുക.
2023 ഒക്ടോബറിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും ഓഹരിയൊന്നിന് 487.44 രൂപ പ്രകാരം 2.05 ലക്ഷം ഓഹരികള്‍ സ്വന്തമാക്കുന്നത്. 10 കോടി രൂപയാണ് ഇതിനായി മുടക്കിയത്. എന്നാല്‍ ഇപ്പോഴത്തെ ഐ.പി.ഒ വില പ്രകാരം ഇതിന്റെ മൂല്യം 9.5 കോടിയായി കുറയും. അതായത് അഞ്ച് ശതമാനത്തോളം നഷ്ടം. പക്ഷെ, ഐ.പി.ഒയ്ക്ക് ശേഷം വില ഉയരാനോ താഴാനോ സാധ്യതയുണ്ട്.
മാരികോയുടെ സ്ഥാപകനും ചെയര്‍മാനുമായ ഹര്‍ഷ് മാരിവാലയുടെ കുടുംബം, മണിപ്പാല്‍ ഗ്രൂപ്പിന്റെ രഞ്ജന്‍ പൈ, ഫയര്‍സൈഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടര്‍ കന്‍വാല്‍ജിത് സിംഗ് എന്നിവര്‍ക്കും 10 ശതമാനം വരെ നഷ്ടമാണ് ഐ.പി.ഒ സമ്മാനിച്ചേക്കുക. എന്നാല്‍ ഈ നിക്ഷേപകരൊന്നും ഐ.പി.ഒയില്‍ ഓഹരികള്‍ വിറ്റഴിക്കുന്നില്ല.
ഐ.പി.ഒ ആറ് മുതല്‍
ആഗസ്ത് ആറ് മുതല്‍ എട്ടുവരെയാണ് ഫസ്റ്റ്‌ക്രൈയുടെ ഐ.പി.ഒ. മൊത്തം 1,666 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 54,359,733 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ നിക്ഷേപകരിലൊന്നായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഐ.പി.ഒയില്‍ 28.06 ലക്ഷം ഓഹരികള്‍ വിറ്റഴിക്കും. സോഫ്റ്റ് ബാങ്കിന്റെ കീഴിലുള്ള എസ്.വി.എഫ് ഫ്രോഗ് 20.31 ലക്ഷം ഓഹരികളും വില്‍ക്കുന്നുണ്ട്. ഫസ്‌ക്രൈയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ സുപം മഹേശ്വരിയും ഐ.പി.ഒയില്‍ ഓഹരികള്‍ വിറ്റഴിക്കുന്നുണ്ട്. കമ്പനിയില്‍ 5.95 ശതമാനം ഓഹരിയുള്ള മഹേശ്വരി ഐ.പി.ഒയ്ക്ക് മുന്നോടിയായുള്ള നിക്ഷേപ സമാഹരണത്തില്‍ 300 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു.
മിനിമം നിക്ഷേപം
ഓഹരി ഒന്നിന് 440 രൂപ മുതല്‍ 465 രൂപ വരെയാണ് ഓഹരിക്ക് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 32 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 32 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന വില പ്രകാരം റീറ്റെയ്ല്‍ നിക്ഷേപകര്‍ കുറഞ്ഞത് 14,880 രൂപ മുടക്കണം.
മൂന്ന് കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 6,481 കോടി രൂപയാണ്. ഇക്കാലയളവില്‍ നഷ്ടം 34 ശതമാനം കുറച്ച് 321 കോടിയാക്കാന്‍ സാധിച്ചിട്ടുണ്ട്.