ഗൂഗ്ള്‍പേയും ഫോണ്‍പേയും പേയ്ടിഎമ്മും ഇനി വിയര്‍ക്കും, പോരാടാന്‍ വരുന്നത് ചില്ലറക്കാരനല്ല

കാഷ്ബാക്ക് ഓഫറുകളും പുതിയ സേവനങ്ങളും അവതരിപ്പിച്ചുകൊണ്ടാകും ഈ വമ്പന്‍ വിപണി പിടിക്കുക

Update:2024-10-29 15:48 IST

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീനു കീഴിലുള്ള ധനകാര്യ കമ്പനിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ (Online Payment Aggregator) ആയി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. ജിയോ ഫിനാന്‍ഷ്യലിന്റെ പൂര്‍ണ ഉപകമ്പനിയായ ജിയോ പേയ്‌മെന്റ് സൊല്യൂഷന്‍സിനാണ് (JPSL) അംഗീകാരം ലഭിച്ചത്. ഒക്ടോബര്‍ 28 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

ഫോണ്‍പേ, പേയ്ടിഎം, ഗൂഗ്ള്‍പേ, റാസോപേ തുടങ്ങിയ പേയ്‌മെന്റ് അഗ്രഗേറ്റര്‍മാര്‍ക്ക് ശക്തമായ എതിരാളിയായാണ് ജിയോയുടെ കടന്നു വരവ്. പേയ്ടിഎമ്മിന്റെ വാലറ്റ് ബിസിനസ് എറ്റെടുക്കാന്‍ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് നീക്കം നടത്തുന്നുണ്ടെന്ന്  വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ മുകേഷ് അംബാനി അത്  നിഷേധിച്ചിരുന്നു. തുടർന്നാണ്  പുതിയ നീക്കം.

മത്സരം കടുക്കും, ഉപയോക്താക്കള്‍ക്ക് നേട്ടം

പേയ്‌മെന്റ് അഗ്രഗേറ്റര്‍ മേഖലയിലേക്കുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കടന്നു വരവ് ഈ രംഗത്ത് കൂടുതല്‍ പുതുമകളും പുതിയ ഉത്പന്നങ്ങളും കൊണ്ടു വരാന്‍ വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ആകര്‍ഷകമായ വിലയും കസ്റ്റമറെ നേടിയെടുക്കാനുള്ള വേറിട്ട തന്ത്രങ്ങളുമാണ് ജിയോഫിനാന്‍ഷ്യലിനെ മാറ്റി നിറുത്തുന്നത്. പേയ്‌മെന്റ് അഗ്രഗേറ്റര്‍ ബിസിനസിലേക്ക് വരുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ഇടപാടു നിരക്കുകളും കാഷ് ബാക്ക് ഓഫറുകളുമൊക്കെ ലഭിച്ചേക്കാം. ബിസിനസ് പിടിക്കാന്‍ ടെലികോമില്‍ പയറ്റിയ തന്ത്രങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുമോ എന്നാതാണ് ഇപ്പോള്‍ ഉറ്റു നോക്കുന്നത്. പേയ്ടിഎമ്മും ഫോണ്‍പേയുമൊക്കെ ഈ രംഗത്ത് ശക്തമാണെങ്കിലും ജിയോയോട് ഏറ്റുമുട്ടാന്‍ അവരും പുതുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.

മ്യൂച്വല്‍ഫണ്ടിനായി സംയ്കുത സംരംഭം

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ബ്ലാക്ക് റോക്കുമായി ചേര്‍ന്ന് മ്യൂച്വല്‍ഫണ്ട്‌  ബിസിനസിനായി സംയുക്ത സംരംഭം തുടങ്ങുന്നതായും ഇന്ന് അറിയിച്ചിരുന്നു. ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 52.50 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആകെ 8.25 കോടി ഓഹരികള്‍ അഥവാ 50 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കൂടാതെ ജിയോ ബ്ലാക്ക്‌റോക്ക് ട്രസ്റ്റീയില്‍ 4 ലക്ഷം ഓഹരികള്‍ അഥവാ 50 ശതമാനം ഓഹരികളും ജിയോഫിനാന്‍ഷ്യലിനുണ്ട്.
ഇരു വാര്‍ത്തകളും പുറത്തു വന്നതോടെ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഇന്ന്  6.50 ശതമാനം ഉയര്‍ന്ന് 323.25 രൂപയിലെത്തിയിരുന്നു. നിലവില്‍ രണ്ട് ശതമാനം ഉയരത്തിലാണ് ഓഹരിയുടെ വ്യാപാരം.
Tags:    

Similar News