ഡെലിവറി 90 മിനിറ്റിനകം; 'ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക്' വരുന്നു

Update: 2020-07-28 13:42 GMT

പലചരക്ക്, ഗാര്‍ഹിക സാധന സാമഗ്രികള്‍ ഓര്‍ഡര്‍ ചെയ്താല്‍ 90 മിനിറ്റിനകം വീട്ടിലെത്തിക്കുന്ന അതിവേഗ ഡെലിവറി സംവിധാനമൊരുക്കുന്നു ഫ്‌ളിപ്കാര്‍ട്ട്. ഹൈപ്പര്‍ലോക്കല്‍ സര്‍വീസ് ആയ 'ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക്' വഴിയാണ് പലചരക്ക് സാധനങ്ങളും ഒപ്പം മൊബൈല്‍ ഫോണുകളും സ്റ്റേഷനറി സാധനങ്ങളും ഉള്‍പ്പെടെയുള്ളവ ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങുന്നത്. മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ടിനെയും കടത്തിവെട്ടുകയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം.

ഇ - കൊമേഴ്‌സ് മേഖലയില്‍ ആമസോണിനെതിരെ ശക്തമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം. ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് എന്ന് മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. അതേ സമയം, ബംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ അതിവേഗ ഡെലിവറി സംവിധാനം ആദ്യമായി അവതരിപ്പിക്കുക. നിലവിലെ ഡെലിവറി സേവനങ്ങളെക്കാള്‍ മുന്നിലെത്താനും ആമസോണ്‍, ആലിബാബ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌ക്കറ്റ് എന്നിവയെ പിന്തള്ളാനുമാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ലക്ഷ്യം.

ആമസോണിനും ബിഗ്ബാസ്‌ക്കറ്റിനും നിലവില്‍ പലചരക്ക് സാധനങ്ങളുടെ ക്വിക്ക് സര്‍വീസ് ഡെലിവറികളുണ്ട്. കൊവിഡ് 19 ലോക്ക്ഡൗണ്‍ വന്നതോടെ ഇന്ത്യയില്‍ നിരവധി പേരാണ് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വാങ്ങിയത്. പലചരക്ക് സാധനങ്ങള്‍ കൂടാതെ ഫോണുകളും മറ്റ് സാധനങ്ങളും ക്വിക്ക് ഡെലിവറി സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നത് ഫ്‌ളിപ്കാര്‍ട്ടിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. മെട്രോ നഗരങ്ങളില്‍ എത്രയും വേഗം ഫ്‌ളിപ്കാര്‍ട്ട് ക്വിക്ക് സജീവമാക്കാനും പിന്നീട് മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News