ഗെയിലിന്റെ അറ്റാദായം 92 ശതമാനം ഇടിഞ്ഞു, ബിപിസിഎല്‍ ലാഭത്തില്‍ തിരിച്ചെത്തി
245.73 കോടി രൂപയാണ് ഗെയിലിന്റെ അറ്റാദായം
പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയില്‍(GAIL), ബിപിസിഎല്‍ (BPCL) എന്നിവയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. രണ്ടാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയ ബിപിസിഎല്‍ ലാഭത്തിലേക്ക് തിരിച്ചെത്തി. അതേ സമയം ഇരുകമ്പനികളുടെയും അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിയുകയാണ് ചെയ്തത്.
ഗെയില്‍
നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഗെയിലിന്റെ അറ്റാദായം 245.73 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 92 ശതമാനം ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഗെയിലിന്റെ അറ്റാദായം 3287.99 കോടി രൂപയായിരുന്നു. ആഗോളതലത്തില്‍ വാതക വില ഉയര്‍ന്നതും വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് ലാഭം ഇടിയാന്‍ കാരണം.
2022-23ലെ രണ്ടാംപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം ഇടിഞ്ഞത് 84 ശതമാനത്തോളം ആണ്. അതേ സമയം പ്രവര്‍ത്തന വരുമാനം 37.2 ശതമാനം ഉയര്‍ന്ന് 35,380 കോടിയായി. നാച്ചുറല്‍ ഗ്യാസ് മാര്‍ക്കറ്റിംഗ്, പെട്രോകെമിക്കല്‍സ്, എല്‍പിജി& ലിക്വിഡ് ഹൈഡ്രോകാര്‍ബണ്‍സ് വിഭാഗങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ നഷ്ടത്തില്‍ അവസാനിച്ച ഗെയില്‍ ഓഹരികള്‍ നിലവില്‍ ഉയര്‍ച്ചയിലാണ്. നിലവില്‍ 1.21 ശതമാനം നേട്ടത്തില്‍ 96.10 രൂപയിലാണ് (10.00 AM) വ്യാപാരം
ബിപിസിഎല്‍
മൂന്നാം പാദത്തില്‍ ബിപിസിഎല്ലിന്റെ അറ്റാദായം 37 ശതമാനം ഇടിഞ്ഞ് 1747 കോടിയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 1747.01 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 338.49 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 13.48 ശതമാനം ഉയര്‍ന്ന് 1,33,347.51 കോടി രൂപയായി. ഡിസംബര്‍ വരെയുള്ള ഒമ്പത് മാസക്കാലയളവില്‍ 36.01 മില്യണ്‍ മെട്രിക് ടണ്‍ ഇന്ധനമാണ് ബിപിസിഎല്‍ വിറ്റത്. നിലവില്‍ 3 ശതമാനത്തിലധികം ഉയര്‍ന്ന് 348.10 രൂപയിലാണ് (10.00 AM) ബിപിസിഎല്‍ ഓഹരികളുടെ വ്യാപാരം.