ആസ്റ്ററിന്റെ ഗള്‍ഫ്, ഇന്ത്യ ബിസിനസ് വിഭജനത്തിന് ഓഹരി ഉടമകളുടെ പച്ചക്കൊടി; ഓഹരി വിലയിലും നേട്ടം
ഓഹരി ഉടമകളെ കാത്തിരിക്കുന്നത് വമ്പന്‍ ഡിവിഡന്റ്; ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാകാൻ ആസ്റ്റര്‍
മലയാളിയായ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഗള്‍ഫിലെയും (GCC) ഇന്ത്യയിലെയും ബിസിനസുകളുടെ വിഭജനത്തിന് ഓഹരി ഉടമകളില്‍ നിന്ന് മികച്ച പ്രതികരണം.
ബിസിനസ് വിഭജനം സംബന്ധിച്ച് വോട്ടിനിട്ട രണ്ട് പ്രമേയങ്ങള്‍ക്കും 99.8 ശതമാനത്തിലധികം ഓഹരി ഉടമകളുടെയും പിന്തുണ ലഭിച്ചുവെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ വ്യക്തമാക്കി.
ആസ്റ്ററിനുമേല്‍ ഓഹരി ഉടമകള്‍ പുലര്‍ത്തുന്ന മികച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇന്ത്യയിലും ജി.സി.സിയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതും സ്വന്തം മൂലധനമുള്ളതുമായ രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി ഇരു ബിസിനസുകളും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി ഉടമകളെ കാത്തിരിക്കുന്നത് വമ്പന്‍ ഡിവിഡന്റ്
കഴിഞ്ഞ നവംബര്‍ അവസാനവാരമാണ് ജി.സി.സിയിലെയും ഇന്ത്യയിലെയും ബിസിനസ് വിഭജിക്കാന്‍ ആസ്റ്റര്‍ ധാരണയിലെത്തിയത്.
ഗള്‍ഫിലെ ബിസിനസ് 101 കോടി ഡോളറിന്റെ (8,400 കോടി രൂപ) ഇടപാടിലൂടെ ആല്‍ഫ ജി.സി.സി ഹോള്‍ഡിംഗ്‌സിനാണ് കൈമാറുന്നത്. ആസ്റ്റര്‍ ഗ്രൂപ്പും ഫജ്ര്‍ കാപ്പിറ്റല്‍ അഡ്വൈസേഴ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ആല്‍ഫ.
ആല്‍ഫയില്‍ 35 ശതമാനം ഓഹരികള്‍ ഡോ. ആസാദ് മൂപ്പന്‍ നയിക്കുന്ന അഫിനിറ്റി ഹോള്‍ഡിംഗ്‌സ് കൈവശം വയ്ക്കും. 65 ശതമാനം ഓഹരി പങ്കാളിത്തം ഫജ്ര്‍ കാപ്പിറ്റലിനാണ്. ഗള്‍ഫ് ബിസിനസിന്റെ സാമ്പത്തിക നിയന്ത്രണം ഫജ്ര്‍ കാപ്പിറ്റലിനായിരിക്കും.
ഗള്‍ഫിലെയും ഇന്ത്യയിലെയും ബിസിനസുകളുടെ ചെയര്‍മാനായി ഡോ. ആസാദ് മൂപ്പന്‍ തന്നെ തുടരും. ഇരു ബിസിനസുകള്‍ക്കും മികച്ച വളര്‍ച്ച ഉറപ്പാക്കുക, ഓഹരി ഉടമകള്‍ക്ക് മെച്ചപ്പെട്ട മൂല്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിഭജനം.
ഓഹരി ഒന്നിന് 110-120 രൂപ വീതം ലാഭവിഹിതമാണ് ബിസിനസ് വിഭജനത്തിന്റെ ഭാഗമായി ആസ്റ്റര്‍ നല്‍കുക. ഏതാണ്ട് 90 കോടി ഡോളറാണ് (7,500 കോടി രൂപ) ഇതിനായി ആസ്റ്റര്‍ വകയിരുത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാകുക ലക്ഷ്യം
നിലവില്‍ ഇന്ത്യയില്‍ 5 സംസ്ഥാനങ്ങളിലായി 19 ആശുപത്രികള്‍, 13 ക്ലിനിക്കുകള്‍, 226 ഫാര്‍മസികള്‍, 251 പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്റുകള്‍ എന്നിവയാണ് ആസ്റ്ററിനുള്ളത്.
2-3 വര്‍ഷത്തിനകം 1,500 കിടക്കകള്‍ കൂടി ചേര്‍ത്ത് ഇന്ത്യയിലെ മൊത്തം കിടക്കകള്‍ 6,000ന് മുകളിലേക്ക് ഉയര്‍ത്താന്‍ ആസ്റ്റര്‍ ലക്ഷ്യമിടുന്നു. 800-850 കോടി രൂപയുടെ മൂലധന നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിലൊന്നാവുകയാണ് ആസ്റ്ററിന്റെ ഉന്നം.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും ആസ്റ്റര്‍ സാന്നിദ്ധ്യമുയര്‍ത്തും. നിലവിലെ ആശുപത്രികളുടെ വിപുലീകരണത്തിന് പുറമേ വിവിധ ആശുപത്രികളെ ഏറ്റെടുത്തുമാകും സാന്നിധ്യം വ്യാപിപ്പിക്കുക.
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 1.21 ശതമാനം നേട്ടത്തോടെ 430.5 രൂപയിലാണ് ആസ്റ്റര്‍ ഓഹരികളുള്ളത്.