രാജ്യത്ത് 'ഗോസ്റ്റ് മാളു'കളുടെ എണ്ണം കൂടുന്നു: റിപ്പോര്‍ട്ട്

എട്ട് മെട്രോ നഗരങ്ങളിലായി ഗോസ്റ്റ് മാളുകളിലൂടെയുള്ള നഷ്ടം 524 ദശലക്ഷം ഡോളര്‍

Update:2022-09-19 14:51 IST

വന്‍ ആരവങ്ങളുമായി എത്തി പിന്നീട് ആളൊഴിഞ്ഞ് പ്രേതഭവനമായി മാറിയ മാളുകള്‍ കൊച്ചിയില്‍ തന്നെയുണ്ട്. മാളുകള്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തു തന്നെയാണ് മറിച്ചുള്ള സംഭവങ്ങളും ഉണ്ടാകുന്നത്. ഇപ്പോഴിതാ രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളില്‍ മാത്രം ആളൊഴിഞ്ഞ മാളുകളുടെ കണക്കുമായി എത്തിയിരിക്കുകയാണ് നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട 'തിങ്ക് ഇന്ത്യ, തിങ്ക് റീറ്റെയ്ല്‍ 2022' റിപ്പോര്‍ട്ട്.

മെട്രോ നഗരങ്ങളിലെ 21 ശതമാനം മാളുകളും അതായത് 57 എണ്ണം ആളൊഴിഞ്ഞ സ്ഥിതിയാലയതോടെ നഷ്ടം 524 ദശലക്ഷം ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു മാളില്‍ 40 ശതമാനത്തിലേറെ സ്ഥലം ഒഴിഞ്ഞിരിക്കുകയാണെങ്കില്‍ അതിനെയാണ് ഗോസ്റ്റ് മാള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ഡെല്‍ഹി എന്‍സിആറിലാണ് ഗോസ്റ്റ് മാളുകള്‍ ഏറെയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നാലെ പൂനയും ഹൈദരാബാദുമുണ്ട്.
ഡിസൈനില്‍ വരുന്ന പിഴവുകള്‍, ഇരുണ്ട ഭാഗങ്ങള്‍ വരുന്നത്, ഉപഭോക്താക്കളുടെ ശ്രദ്ധ എത്താത്ത തരത്തിലുള്ള ഭാഗങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കാരണങ്ങളാണ് മാളുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമാകുന്നത്.
ഒഴിഞ്ഞു കിടക്കുന്ന ഇത്തരം മാളുകള്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള വഴികളും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോഡൗണുകളോയോ എക്‌സിബിഷന്‍, ഈവന്റ് എന്നിവ സംഘടിപ്പിക്കുന്നതിനോ ഡേ കെയര്‍-എല്‍ഡര്‍ കെയര്‍- പെറ്റ് കെയര്‍ കേന്ദ്രങ്ങളായോ എലമെന്ററി, സെക്കന്ററി സ്‌കൂളുകളായോ പോലും ഉപയോഗപ്പെടുത്താമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ഗോസ്റ്റ് മാളുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും മാളുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. 2018 ല്‍ 255 മാളുകളാണ് അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കൊത്ത, മുംബൈ, ഡല്‍ഹി(എന്‍സിആര്‍), പൂനെ എന്നീ എട്ട് മെട്രോ നഗരങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 271 എണ്ണമായി വര്‍ധിച്ചു. ഇതിലൂടെ 15 ദശലക്ഷം ചതുരശ്രയടി സ്ഥലമാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
ഇ കൊമേഴ്‌സ് മേഖല ശക്തമാണെങ്കിലും രാജ്യത്തെ റീറ്റെയ്ല്‍ ബിസിനസിന്റെ 95 ശതമാനവും ഫിസിക്കല്‍ സ്റ്റോറുകള്‍ വഴിയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

Tags:    

Similar News