ഗോ ഫസ്റ്റിന്റെ 'പാപ്പരത്തം' ബാങ്കുകള്‍ക്ക് തിരിച്ചടി
വിവിധ ബാങ്കുകളില്‍ നിന്നായി 6,521 കോടി രൂപയാണ് ഗോ ഫസ്റ്റിന്റെ വായ്പ, മെയ് ഒമ്പത് വരെയുള്ള സര്‍വീസുകള്‍ കമ്പനി റദ്ദാക്കി
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് വിമാനകമ്പനി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ധനകാര്യ സേവനദാതാക്കള്‍. 6,500 കോടി രൂപയ്ക്കു മുകളിലാണ് വിവിധ ബാങ്കുകളില്‍ നിന്ന് ഗോ ഫസ്റ്റ് വായ്പയെടുത്തിരിക്കുന്നത്.
എന്‍.സി.എല്‍.റ്റിക്ക് സമര്‍പ്പിച്ചിരിക്കുന്ന രേഖകളനുസരിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോയിച്ച് ബാങ്ക് എന്നിവയാണ് ഗോ ഫസ്റ്റിന് വായ്പ നല്‍കിയിട്ടുള്ള ബാങ്കുകള്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ 1300 കോടി രൂപ വീതവും ഐ.ഡി.ബി.ഐ ബാങ്കില്‍ 50 കോടി രൂപയുമാണ് വായ്പ നല്‍കിയത്. അതേസമയം, നിലവില്‍ ആക്‌സിസ് ബാങ്കില്‍ ഗോ ഫസ്റ്റിന് വായ്പകളൊന്നുമില്ലെന്ന് ബാങ്ക് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വായ്പതുകയുടെ 25-30 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ലെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്നതിനെ കുറിച്ച് ബാങ്കുകള്‍ സൂചനയുണ്ടായിരുന്നില്ലെന്നും പറയുന്നു.
മറ്റ് ബാധ്യതകളും
കമ്പനിയുടെ ഫയലിംഗ് പ്രകാരം ഗോ ഫസ്റ്റിന്റെ മൊത്തം കടം 11,463 കോടി രൂപയാണ്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വെന്‍ഡര്‍മാര്‍, വിമാനം വാടകയ്ക്ക് നല്‍കിയവര്‍ ഒക്കെ കൂടിയതാണിത്. ഇതു കൂടാതെ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്രെഡിറ്റ് സ്‌കീം പ്രകാരം 1292 കോടി രൂപ സര്‍ക്കാരില്‍ നിന്നും ഗോ ഫസ്റ്റ് വായ്പയെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്രയും ബാധ്യതകള്‍ വീട്ടാന്‍ മാത്രമുള്ള ആസ്തി കമ്പനിക്കില്ലെന്നാണ് ഫയലിംഗില്‍ നിന്ന് വ്യക്തമാകുന്നത്.
ഓഹരികളിലും ഇടിവ്
വാര്‍ത്തകള്‍ വന്നതിനു ശേഷം ബാങ്ക് ഓഹരികളുടെ വിലയിലും വലിയ ഇടിവ് രേഖപ്പെടിത്തി. ബുധനാഴ്ച സെന്‍ട്രല്‍ ബാങ്കിന്റെ ഓഹരി വില 4.41 ശതമാനവും ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി 2.4 ശതമാനവും ഐ.ഡി.ബി.ഐയുടെ ഓഹരി 1.4 ശതമാനവും ഇടിഞ്ഞു. ആക്‌സിസ് ബാങ്കിന്റെ ഓഹരിയില്‍ 0.5 ശതമാനത്തിന്റെ നേരിയ ഇടിവും രേഖപ്പെടുത്തിയിരുന്നു. വാഡിയ ഗ്രൂപ്പിനു കീഴിലുള്ള ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബോംബൈ ഡൈയിംഗ് എന്നീ കമ്പനികളുടെ ഓഹരി വിലയിലും യഥാക്രമം 1.5 ശതമാനം, 5 ശതമാനം എന്നിങ്ങനെ കുറവു രേഖപ്പെടുത്തി. അതേ സമയം, വ്യോമയാന മേഖലയിലെ മറ്റ് കമ്പനികളില്‍ പ്രതീക്ഷ വര്‍ധിച്ചത് എയര്‍ലൈന്‍ ഓഹരികളില്‍ എട്ട് ശതമാനത്തോളം ഉയര്‍ച്ചയുണ്ടാക്കുകയും ചെയ്തു.
മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി
വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇടക്കാല മോറട്ടോറിയം ആവശ്യപ്പെട്ടെങ്കിലും ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് അനുസരിച്ച് അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നില്ലെന്ന് ഡല്‍ഹി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഗോ ഫസ്റ്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട.
ഇപ്പോള്‍ മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി വിമാന കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുമെന്നും വിമാനം റദ്ദാക്കിയതു മൂലം തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സേവനം നല്‍കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ മെയ് അഞ്ച് വരെയുള്ള സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്.