സ്വര്‍ണ വില മേലോട്ട്; പവന് ഇന്ന് 160 രൂപ കൂടി

മാറ്റമില്ലാതെ വെള്ളി വില; ഇന്ന് മുതല്‍ സ്വര്‍ണം എച്ച്.യു.ഐ.ഡി മുദ്രയോടെ മാത്രം

Update:2023-07-01 11:33 IST

Image : Canva

തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് സ്വര്‍ണ വില തിരിച്ചുകയറുന്നു. പവന് ഇന്ന് 160 രൂപ കൂടി വില 43,320 രൂപയായി. 20 രൂപ ഉയര്‍ന്ന് 5,415 രൂപയാണ് ഗ്രാം വില.

ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് ഇന്ന് 10 രൂപ ഉയര്‍ന്ന് 4,483 രൂപയായി.

വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് 76 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് വില.
ഇന്നലെ മൂന്ന് ശതമാനം ജി.എസ്.ടിയും ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും 45 രൂപ എച്ച്.യു.ഐ.ഡി ഫീസും ചേര്‍ന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞവില 46,723 രൂപയായിരുന്നു.
ഇന്ന് പവന്‍ വില കൂടിയതോടെ, ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട ഏറ്റവും കുറഞ്ഞവില 46,900 രൂപയായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഔണ്‍സിന് 1,900 ഡോളറിന് താഴെ നിന്ന രാജ്യാന്തര സ്വര്‍ണ വില 1,919 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് സംസ്ഥാനത്തെ സ്വര്‍ണ വില വര്‍ദ്ധനയ്ക്കും വഴിയൊരുക്കിയത്.
ഇന്നുമുതല്‍ എച്ച്.യു.ഐ.ഡി
ഇന്നുമുതല്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക ആൽഫ ന്യൂമറിക് കോഡ് ഉള്‍പ്പെടുന്ന എച്ച്.യു.ഐ.ഡി മുദ്ര നിര്‍ബന്ധമാണ്. കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ഇത് ബാധകം.
എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണാഭരണങ്ങളുടെ വില്‍പന ശിക്ഷാര്‍ഹമാണ്. അതേസമയം ഉപയോക്താക്കളുടെ  കൈവശമുള്ള സ്വര്‍ണത്തിന് എച്ച്.യു.ഐ.ഡി നിബന്ധന ബാധകമല്ല.
ഉപയോക്താക്കള്‍ക്ക് എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണാഭരണം കൈവശം വയ്ക്കാം, മറിച്ച് വില്‍ക്കാം, പണയം വയ്ക്കാം. എക്‌സ്‌ചേഞ്ച് ചെയ്യാനും നിയമതടസ്സമില്ല.
Tags:    

Similar News