റബ്ബര്‍ ഉല്‍പ്പാദകര്‍ക്കും കച്ചവടക്കാര്‍ക്കും സന്തോഷ വാര്‍ത്ത, ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോം വരുന്നു

പ്രകൃതിദത്ത റബ്ബറിന്റെ ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ 'എംറൂബി' (mRube) ജൂണ്‍ എട്ട് മുതല്‍ പ്രവര്‍ത്തനസജ്ജമാകും

Update: 2022-06-06 12:15 GMT

പ്രകൃതിദത്ത റബ്ബറിന്റെ വിപണനം സുതാര്യമാക്കാനും മെച്ചപ്പെടുത്തുന്നതിനുമായി ഇ-വിപണന സംവിധാനമായ 'എംറൂബി' (mRube) വരുന്നു. റബ്ബര്‍ ഉല്‍പ്പാദകരെയും കച്ചവടക്കാരെയും നേരിട്ട് ബന്ധിപ്പിക്കുന്ന റബ്ബറിന്റെ ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ 'എംറൂബി' ജൂണ്‍ എട്ട് മുതല്‍ പ്രവര്‍ത്തനസജ്ജമാകും. കോട്ടയത്ത് ഇന്ത്യന്‍ റബ്ബര്‍ഗ വേഷണകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍ രാഘവന്‍ 'എംറൂബി'ന്റെ 'ബീറ്റാ വേര്‍ഷന്‍' ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുകയും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കുകയും ചെയ്ത് നിലവിലുള്ള വ്യാപാര സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനാണ് ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിലുടെ റബ്ബര്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇ-ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ നിലവിലുള്ള റബ്ബര്‍ വ്യാപാരികള്‍ക്കും നിര്‍മാതാക്കള്‍ക്കും കൂടുതല്‍ വിദൂര സ്ഥലങ്ങളില്‍നിന്നുപോലും പരസ്പരം ബന്ധപ്പെടാവുന്നതാണ്. ഇതുവഴി പുതിയ വില്‍പ്പനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുണമേന്മയുള്ള റബ്ബറിന്റെ ഗ്രേഡ് അനുസരിച്ച് അത് ആവശ്യമുള്ള യഥാര്‍ത്ഥ ഉപഭോക്താവിന് വില്‍ക്കാന്‍ പലപ്പോഴും കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യങ്ങളുണ്ട്. ഗുണമേന്മയുള്ള റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍നിന്ന് അവരെ പലപ്പോഴും പിന്തിരിപ്പിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. കൂടാതെ, റബ്ബര്‍ വ്യാപാരികളുടെ എണ്ണവും കുറയുന്നതായിട്ടാണ് കാണുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് 'ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം' റബ്ബര്‍ ബോര്‍ഡ് ആരംഭിക്കുന്നത്.


Tags:    

Similar News