ചെറുപ്പക്കാരെ കേരളത്തില്‍ തന്നെ നിലനിറുത്താനാണ് സര്‍ക്കാര്‍ ശ്രമം: ധനമന്ത്രി ബാലഗോപാല്‍

സംരംഭകരുടെയും ഉപഭോക്താക്കളുടെയും വളര്‍ച്ച ഉറപ്പാക്കി മുന്നേറുന്നതില്‍ 'ധനം' വഹിക്കുന്നതും വലിയ പങ്കാണെന്ന് ധനമന്ത്രി

Update:2023-06-22 21:42 IST

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍

വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സംസ്ഥാനത്ത് തന്നെ പിടിച്ചുനിറുത്താനുള്ള പശ്ചാത്തലം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊച്ചി ലെ മെറിഡിയനില്‍ നടന്ന പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭവ മൂലധനത്തില്‍ കേരളത്തിന് വികസിത രാജ്യങ്ങളുടേതിന് തുല്യമായ വലിയ മികവുണ്ട്. ഭാവിയെ മുന്നില്‍ക്കണ്ട് അത് കൂടുതല്‍ മെച്ചപ്പെടുത്തണം.

പലരും പറയുന്നുണ്ട് കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ പലരും വിദേശത്തേക്ക് പോകുകയാണെന്ന്. ശരിയാണ്. പക്ഷേ, അവര്‍ക്ക് ലോകത്തെവിടെയും പ്രവര്‍ത്തിക്കാനുള്ള മികവ് സമ്മാനിച്ചത് കേരളമാണെന്ന് ഓര്‍ക്കണം. കഴിവുള്ള നിരവധി പേര്‍ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ട്.

കേരള കമ്പനികള്‍ പലതും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വളരുന്നു. ഇനിയും ഇത്തരം വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം മികവ് കൂടുതല്‍ മെച്ചപ്പെടുത്തി ഒരുപോലെ മുന്നേറാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ധനത്തിന് വലിയ പങ്ക്

സംരംഭകരുടെയും ഉപഭോക്താക്കളുടെയും വളര്‍ച്ച ഉറപ്പാക്കി മുന്നേറുന്നതില്‍ 'ധനം' വഹിക്കുന്നതും വലിയ പങ്കാണെന്ന് ധനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മുതല്‍ താന്‍ ധനത്തിന്റെ വായനക്കാരനാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ വ്യവസായ-വാണിജ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായ 90കള്‍ക്ക് മുമ്പ് പ്രസിദ്ധീകരണം ആരംഭിച്ചതാണ് ധനം. ഇതിനകം സംസ്ഥാനത്ത് സംരംഭകമേഖലയില്‍ വളര്‍ച്ചയ്ക്കായി നിര്‍ണായക ശക്തിയായി നില്‍ക്കാന്‍ ധനത്തിന് കഴിഞ്ഞു. അത് ഇനിയും തുടരട്ടെയെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News