സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ സര്‍വീസ് പവന്‍ ഹംസ് സ്റ്റാര്‍9ന് കൈമാറും; 211 കോടിയുടെ ഇടപാട്

51 ശതമാനം ഓഹരികള്‍ സ്റ്റാര്‍9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. കേന്ദ്രത്തിന് 51 ശതമാനം ഓഹരികളും ഒഎന്‍ജിസിക്ക് 49 ശതമാനം ഓഹരികളുമാണ് പവന്‍ ഹംസിലുള്ളത്.

Update: 2022-04-30 05:34 GMT

Pic Courtesy : pawanhansltd/twitter

/twitter

കേന്ദ്ര സര്‍ക്കാരിന്റെ ഉമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനി പവന്‍ ഹംസ് ലിമിറ്റഡിന്റെ (pawan hans) ഓഹരി വിറ്റഴിക്കലിന് അന്തിമ രൂപമായി. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പവന്‍ ഹംസിന്റെ 51 ശതമാനം ഓഹരികള്‍ സ്റ്റാര്‍9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. 211 കോടി രൂപയുടേതാണ് ഇടപാട്.

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയ ശേഷം വ്യോമയാന രംഗത്ത് കേന്ദ്രം നടത്തുന്ന രണ്ടാമത്തെ ഓഹരി വില്‍പ്പനയാണ് പവന്‍ ഹംസിന്റേത്. ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്, അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂനിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കണ്‍സോര്‍ഷ്യം ആണ് സ്റ്റാര്‍9. നേരത്തെ മൂന്ന് തവണ പവന്‍ ഹംസിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ പവന്‍ ഹംസിനായി ലഭിച്ച മൂന്ന് ബിഡുകളില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ച കമ്പനി എന്ന നിലയിലാണ് സ്റ്റാര്‍9നെ കേന്ദ്രം തെരഞ്ഞെടുത്തത്.

1985 രൂപീകരിച്ച പവന്‍ ഹംസിന് നിലവില്‍ 42 ഹെലികോപ്റ്ററുകളാണ് ഉള്ളത്. കേന്ദ്രത്തിന് 51 ശതമാനം ഓഹരികളും പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് 49 ശതമാനം ഓഹരികളുമാണ് പവന്‍ ഹംസിലുള്ളത്. സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന കമ്പനിക്ക്, സമാന വിലയില്‍ ഓഹരികള്‍ കൈമാറാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ ഒഎന്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. 201-20 കാലയളവില്‍ 346 കോടി രൂപ വരുമാനം നേടിയ പവന്‍ ഹംസിന്റെ നഷ്ടം 93 കോടി രൂപയായിരുന്നു.

Tags:    

Similar News