അരിയും കിട്ടും ഇനി ഭാരത് ബ്രാന്‍ഡില്‍; വിലക്കയറ്റത്തിന് പൂട്ടിടാന്‍ കേന്ദ്രത്തിന്റെ ഐഡിയ
നിലവില്‍ ആട്ടയും പയറിനങ്ങളും ഭാരത് ബ്രാന്‍ഡില്‍ വിപണിയിലുണ്ട്
ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാന്‍ 'ഭാരത് ബ്രാന്‍ഡില്‍' (Bharat Brand) അരിയും വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവില്‍ ആട്ടയും പയര്‍വര്‍ഗങ്ങളും ഈ ബ്രാന്‍ഡില്‍ കേന്ദ്രം വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ അരിയും ലഭ്യമാക്കാനുള്ള നീക്കം. പൊതുവിപണിയില്‍ അരി വില കിലോയ്ക്ക് 40 രൂപയ്ക്ക് മുകളിലാണുള്ളത്.
കിലോയ്ക്ക് 25 രൂപ
ഭാരത് ബ്രാന്‍ഡില്‍ അരി കിലോയ്ക്ക് 25 രൂപ നിരക്കില്‍ ലഭ്യമാക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (NCCF), കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാകും വിതരണം.
നവംബറില്‍ ധാന്യങ്ങളുടെ പണപ്പെരുപ്പം 10.27 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് ഭക്ഷ്യവിലപ്പെരുപ്പം ഒക്ടോബറിലെ 6.61 ശതമാനത്തില്‍ നിന്ന് 8.70 ശതമാനത്തിലേക്ക് കുതിച്ചുയരാനും കാരണമായി. ഭക്ഷ്യവിലപ്പെരുപ്പം തടയുകയെന്ന വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായാണ് അരിയെയും ഭാരത് ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി നിജമായ വിലയ്ക്ക് വില്‍ക്കുന്നത്.
പടിവാതിലില്‍ തിരഞ്ഞെടുപ്പ്
രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കേ, ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞനിരക്കില്‍ നിലനിറുത്തേണ്ടത് കേന്ദ്രത്തിന് നിര്‍ണായകമാണ്. നേരത്തേ കരുതല്‍ ശേഖരത്തില്‍ നിന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (FCI) വഴി ഗോതമ്പ് വന്‍തോതില്‍ വിപണിയിലിറക്കി വിലക്കയറ്റം പിടിച്ചുനിറുത്താനുള്ള നടപടി കേന്ദ്രമെടുത്തിരുന്നു.