ഹുറുണ്‍ ഇന്ത്യ ഇംപാക്ട് 50; ആദിത്യ ബിര്‍ളയുടെ ഗ്രാസിം രാജ്യത്തെ ഏറ്റവും സുസ്ഥിരമായ സ്ഥാപനം
രാജ്യത്തെ ടോപ്പ്-50 കമ്പനികളില്‍ 29 എണ്ണത്തിന് മാത്രമാണ് കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങള്‍ ഉള്ളത്
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്ന രാജ്യത്തെ സ്വകാര്യ കമ്പനികളുടെ പട്ടികയില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ഒന്നാമത്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് 47 പോയിന്റുകളാണ് ലഭിച്ചത്. ഹുറുണ്‍ ഇന്ത്യയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയക്.
46 പോയിന്റുകളുമായി ടെക്ക് മഹീന്ദ്രയാണ് പട്ടികയില്‍ രണ്ടാമത്. 45 പോയിന്റുകള്‍ വീതം നേടിയ ടാറ്റ പവര്‍ കമ്പനി, വിപ്രോ എന്നിവയ്ക്കാണ് മൂന്നാം സ്ഥാനം. രാജ്യത്തെ ടോപ്പ്-50 കമ്പനികളില്‍ 29 എണ്ണത്തിന് മാത്രമാണ് കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങള്‍ ഉള്ളത്. ഹുറുണ്‍ പട്ടിക പ്രകാരം 14 കമ്പനികള്‍ മാത്രമാണ് യുഎന്‍ നിശ്ചയിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നേട്ടങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനാണ് കൂടുതല്‍ കമ്പനികളും പ്രധാന്യം നല്‍കിയത്. ഐടിസി (2006), ഇന്‍ഫോസിസ് (2020) എന്നിവയാണ് കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം കൈവരിച്ച രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍. 2025ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം നേടാനൊരുങ്ങുന്ന സ്ഥാപനങ്ങളാണ് അദാനി പോര്‍ട്ട്, സിപ്ല എന്നിവ. 2070 ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
പുറന്തള്ളുന്നതും ആഗീരണം ചെയ്യുന്നതുമായ കാര്‍ബണിന്റെ അളവ് തുല്യമാക്കുകയാണ് കാര്‍ബണ്‍ ന്യൂട്രലാവുക എന്നതിന്റെ അര്‍ത്ഥം. ദാരിദ്യ നിര്‍മാര്‍ജ്ജനം, വിശപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, കാലവസ്ഥാ സംരക്ഷണം, ലിംഗ സമത്വം, ശുദ്ധജല ലഭ്യത, ക്ലീന്‍ എനര്‍ജി തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥര വികസന ലക്ഷ്യം.