കേന്ദ്രത്തിന്റെ ഹരിത ഹൈഡ്രജന്‍ നയവും ഭാവിയിലെ വാഹനങ്ങളും
ഭാവിയില്‍ ഇപ്പോഴുള്ള ഇലക്ട്രിക് മോഡലുകള്‍ക്ക് പകരും ദീര്‍ഘദൂരം സഞ്ചരിക്കാനാവുന്ന ഹൈഡ്രജന്‍ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിയേക്കാം
ഫെബ്രുവരി 17ന് ആണ് കേന്ദ്ര സര്‍ക്കാര്‍ ഹരിത ഹൈഡ്രജന്‍, ഹരിത അമോണിയ നയങ്ങള്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ ഊര്‍ജ്ജ മേഖലയിലെ നിര്‍ണായക ചുവടുവെയ്പ്പായാണ് ഹരിത(ഗ്രീന്‍ ഹൈഡ്രജന്‍ നയത്തെ വിലയിരുത്തുന്നത്. സൗരോര്‍ജമടക്കമുള്ള പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിച്ച് ഉള്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജനെയാണ് 'ഹരിത ഹൈഡ്രജന്‍' (Green Hydrogen) എന്ന് വിശേഷിപ്പിക്കുന്നത്. ഇലക്ട്രോളിസിസ് എന്ന പ്രക്രിയയിലൂടെ ജലത്തില്‍ നിന്നാണ് ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നത്.
റിലയന്‍സ്, അദാനി ഗ്രൂപ്പ്, തുടങ്ങിയ കമ്പനികള്‍ ഹരിത ഹൈഡ്രജന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എന്‍ടിപിസി, എല്‍ ആന്‍ഡ് ടി എന്നിവരും ഹരിത ഹൈഡ്രജന്‍ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ഇതിനിടെയാണ് കേന്ദ്ര നയം എത്തുന്നത്. ജൂണ്‍ 2025നുള്ളില്‍ ഹരിത ഹൈഡ്രജന്‍/ അമോണിയ എന്നിവയുടെ ഉല്‍പ്പാദനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് സംസ്ഥാനാങ്ങള്‍ക്കിടയിലുള്ള പ്രസരണ ചാര്‍ജ് 25 വര്‍ഷത്തേക്ക് ഒഴിവാക്കല്‍, തുറമുഖങ്ങളില്‍ ഹൈഡ്രജന്‍, അമോണിയ എന്നിവ സൂക്ഷിക്കാന്‍ സ്ഥലം അനുവദിക്കല്‍ തുടങ്ങിയവ കേന്ദ്രനയത്തിന്റെ ഭാഗമാണ്.
ഒരു ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്‍ ഉല്‍്പ്പാദനം വര്‍ധിപ്പിക്കാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് കേന്ദ്രം. ഇത് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഭാവിയെയും സ്വാധീനിക്കും. സാധാരണ ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ (Electric Vehicles) മെച്ചപ്പെട്ടതെന്ന് വിശേഷിപ്പിക്കുന്ന വാഹനങ്ങളാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍സ് (FCEV).ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിച്ച്, ആ ഊര്‍ജ്ജം കൊണ്ട് ബാറ്ററി ചാര്‍ജായി ഓടുന്ന വാഹനങ്ങളാണ് ഇവ. ദീര്‍ഘദൂര ചരക്ക് ഗതാഗതത്തിനുള്‍പ്പടെ ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്നതും ഇത്തരം വാഹനങ്ങളാണ്.
ഫുള്‍ടാങ്കില്‍ 500 കി.മീറ്ററില്‍ അധികം സഞ്ചരിക്കും എന്നതും റീ-ഫില്‍ ചെയ്യാന്‍ 2-3 മിനിട്ടിന്റെ കുറഞ്ഞ സമയവും സാധാരണ ഇവികളില്‍ നിന്ന് ഹൈഡ്രജന്‍ വാഹനങ്ങളെ വേര്‍തിരിക്കുന്ന ഘടകങ്ങളാണ്. ടൊയോട്ട മിറായി (Toyota Mirai), ഹ്യൂണ്ടായി നെക്‌സോ, ഹോണ്ട ക്ലാരിറ്റി തുടങ്ങിയവയാണ് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന പ്രധാന കാറുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹൈഡ്രജന്റെ ക്ഷാമം തിരിച്ചറിഞ്ഞ് നോക്‌സോ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തീരുമാനം ഹ്യൂണ്ടായി പിന്‍വലിച്ചിരുന്നു.
ഇന്ധന ക്ഷാമം കാരണം ജപ്പാന്‍ ഉള്‍പ്പടെയുള്ള വികസിത മാര്‍ക്കറ്റുകളില്‍ പോലും ചലനമുണ്ടാക്കാന്‍ ഹൈഡ്രജന്‍ കാറുകള്‍ക്ക് സാധിച്ചില്ല. എന്നാല്‍ 2030 ഓടെ 5 മില്യണ്‍ ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനമാണ് ഇന്ത്യയുടെ പുതിയ നയം ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ ഒരു കയറ്റുമതി ഹബ്ബ് ആയി മാറുകയെന്ന ദീര്‍ഘകാല ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്.ഭാവിയില്‍ ഉല്‍പ്പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള ഇലക്ട്രിക് മോഡലുകള്‍ക്ക് പകരക്കാരനായി ദീര്‍ഘദൂരം സഞ്ചരിക്കാനാവുന്ന ഹൈഡ്രജന്‍ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയേക്കാം.