ഇത് ഫിന്‍ടെക്കുകളുടെ കാലം, രാജ്യത്ത് 21,000 ഓളം കമ്പനികള്‍, സേവനം നല്‍കാന്‍ ടിസിഎസും
ഈ വര്‍ഷം ഇതുവരെ നാല് ഫിന്‍ടെക്ക് സറ്റാര്‍ട്ടപ്പുകളാണ് യുണീകോണ്‍ ക്ലബ്ബില്‍ ഇടംപിടിച്ചത്. ഫിന്‍ടെക്ക് കമ്പനികളില്‍ 67 ശതമാനവും തുടങ്ങിയത് 2015ന് ശേഷം.
ഫിന്‍ടെക്ക് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികളാകും ഭാവിയിലെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. ഗൂഗിള്‍ പെ, പേറ്റിഎം തുടങ്ങി നിരവധി ഫിന്‍ടെക്ക് ആപ്പുകളാണ് നമ്മള്‍ ദിവസവും ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ സംഘടിപ്പിച്ച ഫിന്‍ടെക് ഫെസ്റ്റ്-2021ല്‍ കേന്ദ്പ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞത് രാജ്യത്ത് 21,000 ഓളം ഫിന്‍ടെക്ക് കമ്പനികള്‍ ഉണ്ടെന്നാണ്. ഈ കമ്പനികളില്‍ 67 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തുടങ്ങിയവ ആണ്. ഇത് സൂചീപ്പിക്കുന്നത് വളരെ വേഗം വളരുന്ന രാജ്യത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിനെയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി(ടിസിഎസ്) സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ വ്യാപനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. ബ്ലോക്ക് ചെയ്ന്‍ അധിഷ്ടിത സേവനങ്ങള്‍ നല്‍കാനുള്ള ആറു വലിയ പദ്ധതികള്‍ ടിസിഎസിന് ലഭിച്ചതായ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ സൊല്യുഷന്‍സ് കോ-ഹെഡ് ആര്‍ വിവേകാന്ദന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഇതിന് പുറമെ ട്രേഡിങ്, എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകള്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ടിസിഎസിന് പദ്ധതികളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി മാര്‍ക്കറ്റായ എംസിഎക്‌സിനായി പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതും ടിസിഎസ് ആണ്.
വളരുന്ന ഫിന്‍ടെക്കുകള്‍
പണം കൈമാറ്റം, ബാങ്കിങ്, ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, വായ്പ ലഭ്യത തുടങ്ങിയ മേഖലകളില്‍ ഫിന്‍ടെക്ക് കമ്പനികള്‍ കൊണ്ടുവന്ന ഡിജിറ്റല്‍ അനുഭവം സമാനതകളില്ലാത്തതാണ്. ഫിന്‍ടെക്കുകള്‍ നല്‍കുന്ന സേവനങ്ങളിലേക്ക് ഇന്ത്യക്കാരുടെ കടന്നുവരവില്‍ ഊര്‍ജ്ജം നല്‍കിയ രണ്ടു ഘടകങ്ങളാണ് സ്മാര്‍ട്ട്‌ഫോണുകളുടെ വ്യാപനവും കൊവിഡും.
ഫിന്‍ടെക്ക് കമ്പനികള്‍ അവതരിപ്പിച്ച ഇന്‍സ്റ്റന്റ് ലോണുകളെ കൊവിഡ് കാലത്ത് ഉണ്ടായസാമ്പത്തിക പ്രതിസന്ധികളെ മറികടക്കാന്‍ പലരും ആശ്രയിച്ചു. 2020 ലെ സ്‌മോള്‍ ടിക്കറ്റ് പേ്‌ഴ്‌സണല്‍ ലോണുകള്‍ 12000 കോടിയില്‍ അധികമായിരുന്നു. മൊബൈല്‍ ആപ്പുകളിലൂടെയുള്ള സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന യുവാക്കളും ഫിന്‍ടെക്കുകളുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയും ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാട് നടത്താം എന്നതും ഫിന്‍ടെക്ക് ആപ്പുകളിലേക്ക് കൂടുതല്‍ പേരെ എത്തിച്ചു. ആഗോള ഫിന്‍ടെക്ക് മാര്‍ക്കറ്റ് 2022 ഓടെ 309 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്നാണ് കണക്കുകള്‍.
ഫിന്‍ടെക്കിലെ യുണികോണുകള്‍
ഈ വര്‍ഷം മാത്രം നാലോളം ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളാണ് യുണികോണ്‍ കമ്പനികളായത്. ക്രഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ക്ക് റിവാര്‍ഡ് നല്‍കുന്ന ക്രെഡ് (cred), ബാങ്കുകള്‍ക്കും മറ്റും ക്ലൗഡ് അധിഷ്ഠിത പേയ്‌മെന്റ് വേനങ്ങള്‍ നല്‍കുന്ന സെറ്റ(zeta), ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ഗ്രോ(groww), ഇന്‍ഷുറന്‍സ് സേവനങ്ങ്ള്‍ നല്‍കുന്ന ഡിജിറ്റ് ഇന്‍ഷുറന്‍സ്(digit insurance) എന്നിവയാണ് 2021ല്‍ യുണീകോണ്‍ ക്ലബ്ബിലെത്തിയ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍