ലക്‌സ്, ലൈഫ് ബോയ് വില കുറച്ച് പിടിച്ചു നില്‍ക്കാന്‍ എച്ച്.യു.എല്‍

Update: 2019-08-28 07:20 GMT

സാധാരണ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക വൈഷമ്യത്തിന്റെ സൂചനകള്‍ ഉള്‍ക്കൊണ്ടും വിപണിയിലെ കടുത്ത മല്‍സരം കണക്കിലെടുത്തും ലക്‌സ്, ലൈഫ് ബോയ്, ഡൗവ് സോപ്പുകളുടെ വില  ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് കമ്പനി 4-6 ശതമാനം കുറച്ചു. രാജ്യത്തെ ഗാര്‍ഹിക മേഖലയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സോപ്പ് ബ്രാന്‍ഡാണ് ലൈഫ് ബോയ്.

ലൈഫ്‌ബോയിയും ലക്‌സും വിപണിയില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്ന് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് അനലിസ്റ്റ് നവീന്‍ ത്രിവേദി പറഞ്ഞിരുന്നു. ഉപഭോക്താക്കളുടെ വികാരം മുന്‍നിര്‍ത്തി കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്കു വില ഇളവു നല്‍കുന്ന കാര്യം കമ്പനിയുടെ പരിഗണനയിലുണ്ടെന്ന് എച്ച്.യു.എല്‍ വക്താവ് അറിയിച്ചു. 20-30% വരെ കുത്തനെയുള്ള വില കുറയ്ക്കലും ഉണ്ടാകും.

20,960 കോടി വരുന്ന ഇന്ത്യയിലെ ടോയ്ലറ്റ് സോപ്പ് വിപണിയില്‍ ഏറ്റവും വില്‍പ്പന നടക്കുന്ന ബ്രാന്‍ഡുകളില്‍ ലൈഫ് ബോയിയും ലക്‌സും ഉള്‍പ്പെടുന്നുവെന്ന് ഗവേഷണ സ്ഥാപനമായ യൂറോമോണിറ്റര്‍ അഭിപ്രായപ്പെടുന്നു. എച്ച്.യു.എല്ലിന്റെ സൗന്ദര്യ, വ്യക്തിഗത പരിചരണ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ഇവ വലിയ സംഭാവന നല്‍കുന്നു.

ഇന്ത്യയിലെ കൂടുതല്‍ കുടുംബങ്ങളിലും ഡൗവ്, പിയേഴ്‌സ്, ആയുഷ്, ലക്‌സ് തുടങ്ങിയ എച്ച്.യു.എല്‍ ടോയ്ലറ്റ് സോപ്പുകളാണു വാങ്ങുന്നത്. എങ്കിലും  ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഐടിസി ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള എതിരാളികളില്‍ നിന്ന് കടുത്ത മത്സരം എച്ച്.യു.എല്‍ നേരിട്ടുവരുന്നു.

സോപ്പ് പോര്‍ട്ട്ഫോളിയോയില്‍ വില കുറവ് ആസന്നമാണെന്ന് കഴിഞ്ഞ മാസം ത്രൈമാസ വരുമാന പ്രഖ്യാപനത്തിന് ശേഷം നിക്ഷേപകരുമായി നടത്തിയ ആശയവിനിമയത്തില്‍ കമ്പനി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. കമ്പനിയുടെ മൊത്ത വരുമാനത്തില്‍ 46 % സംഭാവന പേഴ്‌സണല്‍ വാഷ്, സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍, ഓറല്‍ കെയര്‍, കളര്‍ കോസ്‌മെറ്റിക്‌സ്, ഡിയോഡറന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ നിന്നാണെന്ന് 2018-19 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar News