ഹാരിസണ്‍സ് മലയാളത്തിന്റെ നാലാംപാദ ലാഭത്തില്‍ 94.55% ഇടിവ്
വരുമാനവും കുറഞ്ഞു; ഓഹരികള്‍ നഷ്ടത്തില്‍
കേരളം ആസ്ഥാനമായ പ്രമുഖ പ്ലാന്റേഷന്‍ കമ്പനിയായ ഹാരിസണ്‍സ് മലയാളം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (20222-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തെ 8.07 കോടി രൂപയില്‍ നിന്ന് ലാഭം 44.15 ലക്ഷം രൂപയായി താഴ്ന്നു. 94.55 ശതമാനമാണ് ഇടിവ്. വരുമാനം 132.93 കോടി രൂപയില്‍ നിന്ന് 9.4 ശതമാനം താഴ്ന്ന് 120.44 കോടി രൂപയായി.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 493.88 കോടി രൂപയാണ്. 2021-22 ലെ 478.65 കോടി രൂപയില്‍ നിന്ന് നാല് ശതമാനത്തിന്റെ ചെറിയ നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം കമ്പനി 23.08 കോടി രൂപയുടെ ലാഭം നേടി. 2021-22ല്‍ 17.76 കോടി രൂപയായിരുന്നു ലാഭം രേഖപ്പെടുത്തിയിരുന്നത്.
ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരികള്‍ ഇന്ന് രാവിലത്തെ സെഷനില്‍ 4.12 ശതമാനം ഇടിഞ്ഞ് 120.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്.