കാര്‍ ലോണ്‍ വേണോ? ഈ ബാങ്ക് തരും വെറും 30 മിനിറ്റിനുള്ളില്‍
ഇതുവഴി 20-30 ശതമാനം വരെ ഉപഭോക്താക്കളെ അധികം നേടാനാകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ
നിങ്ങള്‍ വായ്പയെടുത്ത് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിലിതാ 30 മിനുട്ടിനുള്ളില്‍ കാര്‍ ലോണുകള്‍ ലഭ്യമാക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. കാര്‍ വാങ്ങല്‍ പ്രക്രിയ ലളിതമാക്കുക, രാജ്യത്തുടനീളമുള്ള കാര്‍ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 'എക്‌സ്പ്രസ് കാര്‍ ലോണ്‍സ്' ലഭ്യമാകും. നേരത്തെ, 10 സെക്കന്‍ഡിനുള്ളില്‍ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഈ പദ്ധതി.
വാഹന വായ്പ ലഭിക്കാന്‍ 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ വേണ്ടി വരുന്ന സ്ഥാനത്താണ് ബാങ്കിന്റെ പുതിയ നീക്കം. രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാര്‍ ഉള്ള ലോണായതിനാല്‍ തന്നെ ബാങ്കിന്റെ ഈ നീക്കം ഗുണകരമാകും. ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ അപേക്ഷിക്കാവുന്നതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്കും ഇത് സൗകര്യപ്രദമാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 10,000-15,000 കോടി രൂപയുടെ കാര്‍ ലോണുകള്‍ കൈമാറാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ഇതുവഴി 20-30 ശതമാനം വരെ ഉപഭോക്താക്കളെ അധികം നേടാനും ബാങ്ക് ലക്ഷ്യമിടുന്നത്.
വിവിധ വാഹനങ്ങള്‍ക്കായി മൂന്ന് കോടി രൂപ വരെ 100 ശതമനം വരെ വായ്പ ബാങ്ക് ലഭ്യമാക്കുന്നുണ്ട്. 12 മാസം മുതല്‍ 84 മാസം വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി.