ഇന്ത്യയെ ലക്ഷ്യമിട്ട് വീണ്ടും ഹിന്‍ഡന്‍ബെര്‍ഗ്, പുതിയ ഇര ആര്? ആകാംക്ഷ നിറച്ച് ഒറ്റവരി സന്ദേശം
അദാനി ഗ്രൂപ്പിനെതിരെ പുറത്തു വിട്ട റിപ്പോര്‍ട്ടിന്റെ പുക ഇനിയും കെട്ടടങ്ങിയിട്ടില്ല
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയെ ലക്ഷ്യം വച്ച് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് എത്തുന്നു. ഇന്ന് രാവിലെയാണ് (ഓഗസ്റ്റ് 10) ഇന്ത്യയെ കാത്ത് വലുതെന്തോ വരാനിരിക്കുന്നുവെന്ന സൂചന നല്‍കി ഹിന്‍ഡന്‍ബെര്‍ഗ് സാമൂഹ്യ മാധ്യമമായ എക്‌സില്‍ സന്ദേശമിട്ടത്. 'Something big soon India' എന്ന് മാത്രമാണ് കുറിച്ചിരിക്കുന്നത്. ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയെയാണോ അതോ രാജ്യത്തെതന്നെയാണോ ഇത്തവണ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമല്ല. നദാന്‍ ആന്‍ഡേഴ്‌സണ്‍ എന്ന വ്യക്തിയാണ് ഹിന്‍ഡന്‍ബെര്‍ഗിന്റെ സൂത്രധാരന്‍.
അദാനിയ്ക്ക് നല്‍കിയത് വന്‍ അടി
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ പുറത്തു വിട്ട റിപ്പോര്‍ട്ട് രാജ്യത്ത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണിക്കുന്നുവെന്നും അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെ അദാനി കമ്പനികളുടെ ഓഹരികള്‍ വലിയ വീഴ്ചയിലേക്ക് പോയിരുന്നു. ഒറ്റയടിക്ക് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യത്തില്‍ നിന്ന് കൊഴിഞ്ഞു പോയത് 15,000 കോടി ഡോളറായിരുന്നു (ഏകദേശം 12.5 ലക്ഷം കോടിരൂപ). പിന്നീട് ഒരു വര്‍ഷത്തോളം വേണ്ടി വന്നു പല ഓഹരികള്‍ക്കും 2024 ജനുവരി 24ന് മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്താന്‍.
കാലാവധിക്ക് മുമ്പ് കടങ്ങള്‍ തിരിച്ചടച്ചും പുതിയ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചും നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുത്താണ് നഷ്ടപ്പെട്ട മൂല്യം ഒരു പരിധി വരെ തിരിച്ചു പിടിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയില്‍ വരെ എത്തിയ കേസില്‍ സെബി അന്വേഷണം നടക്കുന്നുണ്ട്.
തിരിച്ചും ആരോപണം
നികുതിയില്ലാത്ത രാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് തന്നെ നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും, ഈ ഓഹരികള്‍ ഈട് നല്‍കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ അദാനി ഗ്രൂപ്പിന്റെ അമേരിക്കയിലുള്ള കടപ്പത്രങ്ങളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി ലാഭമുണ്ടാക്കിയ ശേഷമാണ് ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണം ഉന്നയിച്ചതെന്ന മറുവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെതിരെ സെബി ഹിന്‍ഡന്‍ബെര്‍ഗിന് നോട്ടീസ് അയക്കുകയും ചെയ്തു. വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് തന്നെയാണ് ഈ സംഭവങ്ങള്‍ വഴി വെച്ചത്. ഇതിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങാത്ത സമയത്താണ് പുതിയ ബോംബുമായി ഹിന്‍ഡന്‍ബെര്‍ഗ് എത്തുന്നത്.