നേട്ടമായി ടൂറിസം ഉണര്‍വ്; ഹോട്ടല്‍ മുറികളുടെ നിരക്കുയര്‍ന്നു
ദേശീയ ശരാശരിയേക്കാളും മുകളില്‍ കേരളത്തിന്റെ വളര്‍ച്ച
കൊവിഡ് കാലത്ത് നേരിട്ട തിരിച്ചടികളില്‍ നിന്ന് മികച്ച നേട്ടത്തിലേക്ക് കരകയറി സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖല. കൊവിഡ് പ്രതിസന്ധി നിറഞ്ഞ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ശരാശരി ബുക്കിംഗ് (ഒക്കുപന്‍സി റേറ്റ്) 20-30 ശതമാനമായിരുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 75-80 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.
കൊവിഡില്‍ ശരാശരി 2,000-3,000 രൂപയിലേക്ക് കൂപ്പുകുത്തിയ പ്രീമിയം ഹോട്ടല്‍ മുറി വാടക 2021-22ല്‍ ശരാശരി 4,000-4,500 രൂപയിലേക്കും കഴിഞ്ഞവര്‍ഷം 6,000-7,000 രൂപയിലേക്കും മെച്ചപ്പെട്ടു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ അയയുകയും വിനോദ സഞ്ചാരികളുടെ എണ്ണമുയര്‍ന്നതുമാണ് നേട്ടമായതെന്ന് സ്‌പൈസ് ലാന്‍ഡ് ഹോളിഡെയ്‌സ് മാനേജിംഗ് ഡയറക്ടര്‍ യു.സി. റിയാസ് അഭിപ്രായപ്പെട്ടു.
കേരളാ ടൂറിസത്തിന്റെ കണക്കുപ്രകാരം 2022ല്‍ കേരളത്തില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2021നേക്കാള്‍ 150 ശതമാനം വര്‍ദ്ധിച്ച് 1.8 കോടിയില്‍ എത്തിയിരുന്നു. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം അഞ്ച് മടങ്ങ് ഉയര്‍ന്ന് 3.4 ലക്ഷവുമായി. വിനോദ സഞ്ചാരികളുടെ ഒഴുക്ക് മെച്ചപ്പെട്ടത് ഹോട്ടലുകളിലെ ബുക്കിംഗ് വര്‍ദ്ധിക്കാന്‍ സഹായിച്ചു. ബിസിനസ് യോഗങ്ങള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശന മേളകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ തിരിച്ചുവന്നതും നേട്ടമായി. ആഡംബര കല്യാണങ്ങള്‍ വര്‍ദ്ധിച്ചതും ഗുണം ചെയ്തു.
ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍
കേരളത്തിലെ ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ബുക്കിംഗ് (ഒക്കുപന്‍സി റേറ്റ്) ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022-23ല്‍ ദേശീയതല ബുക്കിംഗ് നിരക്ക് 67-72 ശതമാനമാണ്. കേരളത്തില്‍ 75-80 ശതമാനം. അതേയമയം, ദേശീയതലത്തില്‍ പ്രീമിയം ഹോട്ടല്‍ മുറി വാടക ശരാശരി 7,500-10,000 രൂപയാണ്.
മികച്ച തിരിച്ചുവരവ്
ദേശീയതലത്തിലും ഹോസ്പിറ്റാലിറ്റി മേഖല മികച്ച തിരിച്ചുവരവാണ് നടത്തിയതെന്ന് ക്രിസിലിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രീമിയം ഹോട്ടല്‍ മുറി വാടക 2022-23ല്‍ 19-21 ശതമാനം വര്‍ദ്ധിച്ച് 7,500-10,000 രൂപയിലെത്തി. 2021-22ല്‍ വളര്‍ച്ചാനിരക്ക് 13 ശതമാനമായിരുന്നു. ഹോട്ടല്‍ മുറികളുടെ ബുക്കിംഗ് 2020-21ല്‍ 31 ശതമാനമായിരുന്നത് 2021-22ല്‍ 50 ശതമാനത്തിലേക്കും 2022-23ല്‍ 67-72 ശതമാനത്തിലേക്കും മെച്ചപ്പെട്ടു. ടൂറിസത്തിന്റെയും ബിസിനസ് യോഗങ്ങളുടെയും തിരിച്ചുവരവിന് പുറമേ ഐ.പി.എല്‍ ക്രിക്കറ്റ്, ഐ.എസ്.എല്‍ ഫുട്‌ബോള്‍ തുടങ്ങിയ കായിക മത്സരങ്ങള്‍, ജി20 ഉച്ചകോടി തുടങ്ങിയവയും ദേശീയതലത്തില്‍ ഹോട്ടല്‍ മേഖലയ്ക്ക് നേട്ടമായി.