ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളര്‍ച്ചയില്‍ ഇടിവ്
മേയിലെ വളര്‍ച്ചാനിരക്ക് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുതുക്കി നിര്‍ണയിച്ചു
രാജ്യത്ത് വ്യവസായിക രംഗത്ത് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി ജൂണില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച 3.7 ശതമാനമായി കുറഞ്ഞു. 2022 ജൂണില്‍ 12.6 ശതമാനവും ഇക്കഴിഞ്ഞ മേയില്‍ 5.3 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേയിലെ വളര്‍ച്ചാനിരക്ക് ആദ്യം കണക്കാക്കിയിരുന്ന 5.2 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.
നടപ്പുവര്‍ഷത്തെ (2023-24) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഐ.ഐ.പി വളര്‍ച്ച മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 12.9 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്കും കുറഞ്ഞു.
തൊട്ടുമുന്‍വര്‍ഷം കൊവിഡും സാമ്പത്തിക ഞെരുക്കവും അടക്കമുള്ള പ്രതിസന്ധികള്‍ മൂലം ഉത്പാദന വളര്‍ച്ച കുറവായിരുന്നതിനാലാണ്, കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് താരതമ്യേന 'വലിയ സംഖ്യ' രേഖപ്പെടുത്താൻ കാരണം.
'നട്ടെല്ലിനാണ്' പ്രശ്‌നം!
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ 'നട്ടെല്ല്' എന്നറിയപ്പെടുന്ന മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച മേയിലെ 5.8 ശതമാനത്തില്‍ നിന്ന് ജൂണില്‍ 3.1 ശതമാനമായി കുറഞ്ഞതാണ് പ്രധാന തിരിച്ചടി. ഐ.ഐ.പിയില്‍ നാലില്‍ മൂന്ന് പങ്കും വഹിക്കുന്നത് മാനുഫാക്ചറിംഗ് മേഖലയാണെന്നത് ഈ മേഖലയുടെ പ്രസക്തി വ്യക്തമാക്കുന്നു. ഖനന മേഖല 6.4ല്‍ നിന്ന് 7.6 ശതമാനത്തിലേക്കും വൈദ്യുതോത്പാദനം 0.9ല്‍ നിന്ന് 4.2 ശതമാനത്തിലേക്കും വളര്‍ച്ച മെച്ചപ്പെടുത്തി.