യു.പി.ഐ പേയ്‌മെന്റുകളില്‍ ഫോണ്‍പേയെയും ഗൂഗ്ള്‍ പേയെയും ഒതുക്കാന്‍ എന്‍.പി.സി.ഐ; കാരണമിതാണ്

രാജ്യത്തെ യു.പി.ഐ പേയ്‌മെന്റുകളില്‍ 86 ശതമാനം വിഹിതവും ഇരു കമ്പനികള്‍ക്കുമാണ്;

Update:2024-04-19 17:29 IST

Image by Canva

യു.പി.ഐ (Unified Payments Interface/UPI) പേയ്‌മെന്റുകളില്‍ ഗൂഗ്ള്‍ പേയുടേയും ഫോണ്‍പേയുടെയും മേധാവിത്വത്തിന് കടിഞ്ഞാണിടാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ടെക് ക്രഞ്ച്‌  എന്ന അമേരിക്കന്‍ വാര്‍ത്ത പോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യു.പി.ഐ പേയ്‌മെന്റുകളില്‍ ഇരു കമ്പനികള്‍ക്കുമുള്ള ആധിപത്യം കുറയ്ക്കാനുള്ള നയം രൂപപ്പെടുത്താന്‍ വിവിധ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമായി എന്‍.പി.സി.ഐ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രെഡ്(CRED), ഫ്‌ളിപ്കാര്‍ട്ട്, ഫാം പേ, ആമസോണ്‍ തുടങ്ങിയവരുമായാണ് ഇതു സബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. ഈ കമ്പനികളുടെ ആപ്പുകളില്‍ യു.പി.ഐ ട്രാന്‍സാക്ഷന്‍ പ്രോത്സാഹിപ്പിക്കാനും അതിനായി അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമുണ്ടോയെന്ന് മനസിലാക്കാനുമാണ് കൂടികാഴ്ച.
മുഖ്യപങ്കും ഇവര്‍ക്ക്
ബാങ്കുകളുമായി ചേര്‍ന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ നടത്തിയ യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് രാജ്യത്ത് വലിയ ജനപ്രീതിയാണുള്ളത്. പ്രതിമാസം 10 ബില്യണ്‍ (100 കോടി) ഇടപാടുകളാണ് ഇതു വഴി നടക്കുന്നത്. വിദേശരാജ്യങ്ങളിലും യു.പി.ഐ വിജയകരമായി നടപ്പാക്കാന്‍ എന്‍.പി.സി.എയ്ക്ക് സാധിച്ചിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ്, നേപ്പാള്‍, യു.കെ, മൗറീഷ്യസ്, ശ്രീലങ്ക എന്നിവടങ്ങളില്‍ നിലവില്‍ യു.പി. പേയ്‌മെന്റ് സാധ്യമാണ്.
നിലവില്‍ ഈ ഇടപാടുകളുടെ 86 ശതമാനവും കൈയാളുന്നത് ഫോണ്‍പേയും ഗൂഗ്ള്‍ പേയും ചേര്‍ന്നാണ്. കഴിഞ്ഞ ഡിസംബറിലില്‍ ഇവരുടെ വിപണി വിഹിതം 82.5 ശതമാനമായിരുന്നു. യു.പി.ഐ പേയ്‌മെന്റുകളില്‍ മൂന്നാം സ്ഥാനത്തായിരുന്ന പേയ്ടിഎമ്മിന്റെ വിഹിതം റിസര്‍വ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ 12 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി കുറഞ്ഞിരുന്നു. ഇതും ഇരു കമ്പനികള്‍ക്കും ഗുണമായി.
വിദേശ ആധിപത്യത്തില്‍ ആശങ്ക
വിദേശ ഭീമന്‍മാരുടെ കൈവശമാണ് ഗൂഗ്ള്‍ പേയുടെയും ഫോണ്‍ പേയുടെയും മുഖ്യ ഓഹരികളെന്നതാണ് എന്‍.പി.സി.ഐയുടെ ആശങ്കയ്ക്ക് കാരണം.
ഫോണ്‍പേയുടെ നാലിലൊന്ന് ഓഹരിയും അമേരിക്കന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ വാള്‍മാര്‍ട്ടിനാണ്. ടെക് ഭീമാനായ ഗൂഗ്‌ളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗൂഗ്ള്‍ പേ. രാജ്യത്തെ ശക്തമായ പേയ്‌മെന്റ് സംവിധാനങ്ങളുടെ നിയന്ത്രണം പൂര്‍ണമായും വിദേശ കമ്പനികളിലേക്ക് പോകുന്നതില്‍ ഫിന്‍ടെക് രംഗത്തുള്ളവരും നിയമവിദഗ്ധരും ആശങ്ക അറിയിച്ചിരുന്നു. റിസര്‍വ് ബാങ്കും യു.പി.ഐ പേയ്‌മെന്റ് സ്‌പേസിലെ കുത്തകയെ കുറിച്ച് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.
രാജ്യത്തെ ഫിന്‍ടെക് കമ്പനികളെ വളരാന്‍ സഹായിക്കണമെന്ന് ഫെബ്രുവരിയില്‍ പാർലമെന്ററി  പാനല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫോണ്‍പേയ്ക്കും ഗൂഗ്ള്‍ പേയ്ക്കും ബദലായി മാറാന്‍ ആഭ്യന്തര കമ്പനികളെ മുന്നോട്ടു കൊണ്ടുവരാനാണ് ഇതു വഴി ഉദ്ദേശിക്കുന്നത്.
വിപണി വിഹിതം 30 ശതമാനമാക്കാന്‍
യു.പി.ഐ സര്‍വീസ് പ്രൊവൈഡര്‍മാരുടെ വിപണി വിഹിതം 30 ശതമാനമായി നിജപ്പെടുത്താനാണ് എന്‍.പി.സി.ഐ ആലോചിക്കുന്നത്. ഇതിനായുള്ള നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയെങ്കിലും അത് നടപ്പാക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ എന്‍.പി.സി.ഐയ്ക്കില്ലാത്തതാണ് പ്രശ്‌നം.
യു.പി.ഐ ആപ്പുകളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഇന്‍സെന്റീവുകളും മറ്റും നല്‍കാന്‍ കമ്പനികളെ എന്‍.പി.സി.ഐ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Tags:    

Similar News