ബൈഡന്‍ ലാക്കാക്കിയത് ഇറാന്‍, ഇളക്കം കേരളത്തില്‍! സ്വര്‍ണക്കുതിപ്പ് 58,000 കടന്നു

പുതുവര്‍ഷത്തില്‍ മൂന്ന് ദിവസം കൊണ്ട് 1,200 രൂപയുടെ വര്‍ധന, വെള്ളി വിലയ്ക്കും മുന്നേറ്റം

Update:2025-01-03 10:45 IST

പുതുവത്സരം പിറന്ന ശേഷം സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി വീണ്ടെടുത്ത് കുതിപ്പ് തുടരുകയാണ് സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,260 രൂപയിലെത്തി. പവന്‍ വില 640 രൂപ ഉയര്‍ന്ന് 58,080 രൂപയിലുമെത്തി. കേരളത്തിലെ വിവാഹപര്‍ച്ചേസുകാരെ ഉള്‍പ്പെടെ ആശങ്കയിലാക്കിയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. 2025ല്‍ ആദ്യ മൂന്ന് ദിനംകൊണ്ട് പവന്‍ വില 1,200 രൂപയാണ് ഉയര്‍ന്നത്.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,995 രൂപയിലെത്തി. വെള്ളി വിലയും മുന്നോട്ടാണ്. ഇന്നും ഗ്രാമിന് ഒരു രൂപ വര്‍ധിച്ചു. 95 രൂപയിലാണ് ഇന്ന് വ്യാപാരം.

വിലയ്ക്ക് പിന്നിൽ അന്താരാഷ്ട്ര നീക്കങ്ങൾ 

അന്താരാഷ്ട്ര വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ ഔണ്‍സ് സ്വര്‍ണ വില 1.27 ശതമാനം ഉയര്‍ന്ന് 2,657 ഡോളറിലെത്തി. ഇന്ന് 0.22 ശതമാനം ഉയര്‍ന്ന് 2,662 രൂപയിലാണ് വ്യാപാരം.
ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ജോ ബൈഡന്‍ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള ഒഴുക്ക് വര്‍ധിപ്പിച്ചതാണ് വില ഉയര്‍ത്തിയത്.
ജനുവരി 20 ന് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് ടെഹ്റാന്‍ അണുബോംബ് വികസിപ്പിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതികളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച ചെയ്തതായി ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

വില മുന്നേറുമോ?

2024ല്‍ രാജ്യാന്തര വില 27 ശതമാനമാണ് ഉയര്‍ന്നത്. 2010ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. മിഡില്‍ ഈസ്റ്റിലെ തുടര്‍ച്ചയായ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും റഷ്യ-യുക്രൈന്‍ സംഘര്‍ഷവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപകരെ പ്രേരിപ്പിച്ചതാണ് വിലയില്‍ വന്‍ കുതിപ്പിനിടയാക്കിയത്.
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനവും പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളുമാണ് സമീപ ഭാവിയില്‍ സ്വര്‍ണത്തിന് ദിശ പകരുക. ചൈനീസ് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതും സ്വര്‍ണത്ത സ്വാധീനിക്കും.

ആഭരണത്തിനു നൽകണം ₹62,000ത്തിനു മുകളിൽ 

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 58,080 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,867 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

Tags:    

Similar News