ദിർഹം വേണ്ട, രൂപ മതി യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാൻ
2023 ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്ക് സ്വന്തം കറന്‍സികള്‍ ഉപയോഗിക്കാന്‍ ധാരണയായത്
യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനും ഇപ്പോള്‍ ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന രത്‌നങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും യു.എ.ഇ ഇടപാട് നടത്തുന്നതും ഇന്ത്യന്‍ രൂപയില്‍ തന്നെയാണ്.
2022 ജൂലൈയില്‍ ആരംഭിച്ച പ്രത്യേക റുപ്പീ വോസ്ട്രോ അക്കൗണ്ട് സംവിധാനം വഴിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചില ഉത്പന്നങ്ങളുടെ ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്നത്. 2023 ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഇടപാടുകള്‍ക്ക് യു.എ.ഇ ദിര്‍ഹവും ഇന്ത്യന്‍ രൂപയും ഉപയോഗിക്കാനും ധാരണയായി.
2022 ഫെബ്രുവരിയില്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യപാരം 1,000 കോടി ഡോളർ കൈവരിക്കാനാണ് ലക്ഷ്യമിട്ടത്. 2023 ഡിസംബറില്‍ ഇന്ത്യ 303 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു (152% വാര്‍ഷിക വളര്‍ച്ച). അതേസമയം രത്‌നങ്ങള്‍ കയറ്റുമതി ചെയ്തത് വഴി ഇന്ത്യക്ക് ലഭിച്ചത് 290 കോടി ഡോളറാണ് (14.1% വാര്‍ഷിക വളര്‍ച്ച).
നിലവിൽ യു.എ.ഇയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബുള്യൻ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണ ഇറക്കുമതിക്ക് തീരുവയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇത് സ്വര്‍ണാഭരണ നിര്‍മാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുണ്ട്. ഇടപാട് ചെലവുകള്‍ കുറയാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് മെച്ചപ്പെടാനും ഇത് സഹായിക്കും.