വിപ്രോയുടെ അസിം പ്രേംജിയെ കടത്തിവെട്ടി ജിൻഡാലിന്റെ നായിക

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അസിം പ്രേംജിയുടെ സമ്പത്തില്‍ 42 ശതമാനം ഇടിവ്

Update:2023-12-12 21:00 IST

 Savitri Devi Jindal, Azim Premji 

ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ ഭീമനായ വിപ്രോയുടെ മേധാവി അസിം പ്രേംജിയേയും മറികടന്ന് മുന്നേറിയിരിക്കുകയാണ് ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ചെയര്‍പേഴ്‌സണ്‍ എമിരറ്റസ് സാവിത്രി ദേവി ജിന്‍ഡാല്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആസ്തിയില്‍ 87% വര്‍ധനയാണ് സാവിത്രി ജിന്‍ഡാല്‍ നേടിയത്. ഇക്കാലയളവില്‍ അസിം പ്രേംജിയുടെ ആസ്തിയില്‍ 42 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

രണ്ട് വര്‍ഷം മുമ്പ് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്ന അസിം പ്രേംജി
യുടെ ആസ്തിയില്‍ 2022 ജനുവരി മുതല്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. ഡിസംബര്‍ 11ലെ കണക്കനുസരിച്ച് 2,400 കോടി ഡോളറാണ് (2 ലക്ഷം കോടി രൂപ) വിപ്രോയുടെ സ്ഥാപക ചെയര്‍മാനായ അസിം പ്രേംജിയുടെ ആസ്തി.
ബ്ലൂംബെര്‍ഗിന്റെ ബില്യണയേഴ്‌സ് ഇന്‍ഡെക്‌സ് പ്രകാരം നിലവില്‍ സാവിത്രി ജിന്‍ഡാലിന് പിന്നില്‍ ആറാം സ്ഥാനത്താണ് അസിം പ്രേംജി. വിപ്രോയിൽ 62.5 ശതമാനം ഓഹരി പങ്കാളിത്തമാണ് അസിം പ്രേംജിക്കുള്ളത്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്  ഇത്രയും ഓഹരികളുടെ മൂല്യം 1650 കോടി ഡോളര്‍ (1.37 ലക്ഷം കോടി രൂപ) 
വരും. സമ്പത്തിനേക്കാളും ബിസിനസ് മാഗ്നെറ്റ് എന്നതിനേക്കാളും മനുഷ്യ സ്‌നേഹി എന്ന നിലയിലാണ് അസിം പ്രേംജി അറിയപ്പെടുന്നത്.

2,460 കോടി ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ സമ്പത്ത്. ഇതില്‍ 30 ശതമാനവും ജെ.എസ്.ഡബ്ല്യു സ്റ്റീലില്‍ നിന്നുള്ളത്. ഏകദേശം 480 കോടി ഡോളര്‍ ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറും 460 കോടി ഡോളര്‍ വീതം ജിന്‍ഡാല്‍ സ്റ്റീല്‍ & പവറും ജെ.എസ്.ഡബ്ല്യു എനര്‍ജിയുമാണ് സംഭാവന ചെയ്യുന്നത്.

മിസ്ത്രിയും ശിവ്‌ നാടാരും

ഒന്നും രണ്ടും സ്ഥാനം യഥാക്രമം മുകേഷ് അംബാനിയും ഗൗതം അദാനിയും നിലനിറുത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് ടാറ്റയുടെ ഷാപൂർജി പല്ലോന്‍ജി മിസ്ത്രിയാണ്. ടാറ്റ സണ്‍സിലെ മുഖ്യ ഓഹരിയുടമയായ ഷാപൂര്‍ജി പല്ലോന്‍ജിയ്ക്കും കുടുംബത്തിനും കൂടി ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരിയുണ്ട്. 3,360 കോടി ഡോളറാണ് ഷാപൂര്‍ജിയുടെ ആസ്തി.

പട്ടികയില്‍ നാലാം സ്ഥാനത്ത് 3,160 കോടി ഡോളര്‍ ആസ്തിയുമായി എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരുമുണ്ട് .

ദിലീപ് സാംഗ്‌വി, രാധാകൃഷ്ണൻ ദമാനി, ലക്ഷ്മി മിത്തല്‍, കുമാര്‍ ബിര്‍ള എന്നിവരാണ് ബ്ലൂം ബെര്‍ഗിന്റെ രാജ്യത്തെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയില്‍ എഴ് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
Tags:    

Similar News