ജീവനക്കാരൊക്കെ മുങ്ങി, ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം
ഇന്‍ഡിഗോയുടെ 55 ശതമാനത്തോളം സര്‍വീസുകളാണ് വൈകിയത്
വിമാന സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ (Indigo) അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ട്‌റേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിഷയത്തില്‍ ഇന്‍ഡിഗോയോട് ഡിജിസിഎ വിശദീകരണം തേടി. ഇന്നലെ കമ്പനിയുടെ 55 ശതമാനത്തോളം സര്‍വീസുകളാണ് വൈകിയത്.
ജീവനക്കാര്‍ കൂട്ട അവധിയെടുത്തതാണ് സര്‍വീസുകള്‍ വൈകാന്‍ കാരണമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. വലിയൊരു ശതമാനം ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ മെഡിക്കല്‍ അവധി എടുക്കുകയായിരുന്നു. ടാറ്റയുടെ എയര്‍ ഇന്ത്യ (Air india), ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലുള്ള ആകാശ (Aakash airline) തുടങ്ങിയ വിമാന കമ്പനികളുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ അവധിയെടുത്തത് എന്നാണ് വിവരം.
ടാറ്റ നിലിവില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ എയര്‍ ഇന്ത്യയ്ക്കായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നുണ്ട്. കമ്പനിയുടെ നോണ്‍-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ, റിലീവിംഗ് ലെറ്ററോ ഇല്ലാതെ ജീവനക്കാര്‍ക്ക് നിയമനം നല്‍കരുതെന്ന് എയര്‍ ഇന്ത്യയോട് ഇന്‍ഡിഗോ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം എയര്‍ ഇന്ത്യയുടെ 77.1 ശതമാനം സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ കൃത്യത പാലിച്ചത്. വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 90 ശതമാനത്തിന് മുകളില്‍ കൃത്യതയോടെ സര്‍വീസ് നടത്തിയ ഏക കമ്പനി എയര്‍ ഏഷ്യയാണ്.