യാത്രക്കാര്‍ കൂടിയിട്ടും ഇന്‍ഡിഗോയുടെ നഷ്ടം 1,583.33 കോടി
ഒരു വര്‍ഷം കൊണ്ട് 4268.5 കോടി രൂപയുടെ വര്‍ധനവാണ് ഇന്ധനച്ചെലവില്‍ ഉണ്ടായത്
ഇന്‍ഡിഗോ (Indigo) വിമാനക്കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (Interglobe Aviation Ltd) നടപ്പ് സാമ്പത്തിക വര്‍ഷം (2022-23) ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 1,583.33 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,435.65 കോടി രൂപയായിരുന്നു ഇന്‍ഡിഗോയുടെ നഷ്ടം. 2022-23ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ നഷ്ടം 519.1 കോടി രൂപയാണ് വര്‍ധിച്ചത്.
അതേ സമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഡിഗോയുടെ വരുമാനം 122 ശതമാനം ഉയര്‍ന്ന് 12,497.58 കോടി രൂപയിലെത്തി. ഇന്ധനച്ചെലവ് 1989.4 കോടിയില്‍ നിന്ന് 6,257.9 കോടിയായി ഉയര്‍ന്നു. ഒരു വര്‍ഷം കൊണ്ട് 4268.5 കോടി രൂപയുടെ വര്‍ധനവാണ് ഇന്ധനച്ചെലവില്‍ ഉണ്ടായത്. ഇന്ധന വില ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനിക്ക് തിരിച്ചടിയായി.
ജൂലൈ-സെപ്റ്റംബറില്‍ ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത് 19.7 ദശലക്ഷം പേരാണ്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 11 ദശലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്. അടുത്ത പാദത്തില്‍ യാത്രക്കാരുടെ എണ്ണം 25 ശതമാനം ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യയില്‍ എഴുപത്തിനാലും അന്താരാഷ്ട്ര തലത്തില്‍ ഇരുപത്തിയാറും കേന്ദ്രങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ആകെ 279 വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. നിലവില്‍ 1,800 രൂപയാണ് ഇന്‍ഡിഗോ ഓഹരികളുടെ വില. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 16.74 ശതമാനം ഇടിവാണ് ഇന്‍ഡിഗോ ഓഹരികള്‍ക്കുണ്ടായത്.