ഇന്‍ഡിഗോ ഓഹരികള്‍ വില്‍ക്കാന്‍ ഗാംഗ്വാള്‍ കുടുംബം; പിന്നാലെ ഓഹരികള്‍ ഇടിഞ്ഞു

ഓഹരി വിറ്റഴിക്കലില്‍ 7,000 കോടി രൂപ വരെ കിട്ടുമെന്ന് പ്രതീക്ഷ

Update:2023-06-12 15:55 IST

Photo credit: www.facebook.com/goindigo.in

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ 5-8 ശതമാനം ഓഹരികള്‍ ഗാംഗ്വാള്‍ കുടുംബം വിറ്റഴിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി എന്‍.എസ്.ഇയില്‍ 2.39 ശതമാനം ഇടിഞ്ഞ് 2,404.00 രൂപയിലെത്തി (2:55 pm). ഈ ഓഹരി വിറ്റഴിക്കലില്‍ 5,000 കോടി രൂപ മുതല്‍ 7,000 കോടി രൂപ വരെ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭിന്നതകള്‍ക്ക് പിന്നാലെ

സഹസ്ഥാപകര്‍ക്കിടയില്‍ ഭിന്നത പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഗാംഗ്വാള്‍ കുടുംബം ഓഹരി പങ്കാളിത്തം ക്രമാനുഗതമായി കുറയ്ക്കുകയാണ്. എയര്‍ലൈനിന്റെ സഹസ്ഥാപകരിലൊരാളായ രാകേഷ് ഗാംഗ്വാള്‍ 2022-ല്‍ കമ്പനിയുടെ ബോര്‍ഡ് വിട്ടിരുന്നു. 2023 ഫെബ്രുവരി 15 ന്, കുടുംബം അവരുടെ 4 ശതമാനം ഓഹരികള്‍ 2,900 കോടി രൂപയ്ക്ക് വിറ്റു. അതിനുമുമ്പ്, 2022 സെപ്റ്റംബര്‍ 8 ന് 2.8 ശതമാനം ഓഹരികള്‍ വിറ്റഴിച്ചത് ഏകദേശം 2,000 കോടി രൂപയായിരുന്നു. നിലവില്‍ പറഞ്ഞിരിക്കുന്ന 5-8 ശതമാനം ഓഹരികള്‍ ജൂലൈ 15ന് വിറ്റഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2006ല്‍ തുടക്കം, 2020ല്‍ തര്‍ക്കം

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡിഗോയുടെ തുടര്‍ച്ചയായ രണ്ടാം ത്രൈമാസ ലാഭം 919 കോടി രൂപ രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 8,020 കോടി രൂപയില്‍ നിന്ന് 76.5 ശതമാനം വര്‍ധിച്ച് 14,161 കോടി രൂപയായി. 2006 ലാണ് സഹസ്ഥാപകരായ രാകേഷ് ഗാംഗ്വാളും രാഹുല്‍ ഭാട്ടിയയും ഇന്‍ഡിഗോയ്ക്ക് തുടക്കമിട്ടത്. 2020-ന്റെ തുടക്കത്തില്‍ കമ്പനിയുടെ ചില നിയമങ്ങള്‍ പരിഷ്‌ക്കരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇരുവരും തമ്മില്‍ തെറ്റുകയായിരുന്നു.

Tags:    

Similar News