സംരംഭകര്‍ക്ക് ഇളവുകളും പിന്തുണയും വേണമെന്ന് വ്യവസായ സംഘടനകള്‍

Update:2020-04-10 16:07 IST

കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണും കടുത്ത പ്രതിസന്ധിയിലാക്കിയ കേരളത്തിന്റെ വ്യവസായ - വാണിജ്യ മേഖലകളെ പുനരുജ്ജീവിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകളും പിന്തുണയും നല്‍കണമെന്ന് ബിസിനസ് സമൂഹം.

മുഖ്യമന്ത്രിയുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്നത് പ്രതിസന്ധിയിലായ സംരംഭകരെ സഹായിക്കാനുതകുന്ന നിരവധി നിര്‍ദേശങ്ങളാണ്. ഇതോടൊപ്പം ടൈ കേരള ഘടകം പോലുള്ള സംഘടനകളും സര്‍ക്കാരിന് മുന്നില്‍ സംരംഭകര്‍ക്കായി നിരവധി ആവശ്യങ്ങള്‍ വെച്ചിട്ടുണ്ട്. 

നോട്ട് പിന്‍വലിക്കല്‍, അടുത്തടുത്ത വര്‍ഷങ്ങളില്‍ വന്ന പ്രളയം, നിപ്പ ബാധ തുടങ്ങിയവയെല്ലാം മൂലം പ്രതിസന്ധിയിലായിരുന്ന സംരംഭകരുടെ നടുവൊടിച്ചിരിക്കുകയാണ് കോവിഡും ലോക്ക്ഡൗണും. ഈ സാഹചര്യത്തില്‍ സംരംഭകരെ സഹായിക്കാന്‍, വിദേശരാജ്യങ്ങളിലേതുപോലെ, കേരളത്തിലും ഡിസാസ്റ്റര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന് സിഐഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാന്‍ വായ്പാ പലിശയില്‍ ഇളവോ സബ്‌സിഡിയോ അനുവദിക്കണമെന്ന് ടൈ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിലവിലുള്ള കയറ്റുമതി കരാറുകള്‍ പാലിക്കാനായി ഉപാധികളോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കയര്‍ മേഖലയിലെ വ്യവസായികളും ആവശ്യപ്പെട്ടിട്ടുണ്ട്. 

വ്യവസായ സമൂഹത്തിന്റെ മുഖ്യ നിര്‍ദേശങ്ങളും ആവശ്യങ്ങളും ഇതൊക്കെയാണ്

  • ഫീസ് ഈടാക്കാതെ ലൈസന്‍സുകള്‍ പുതുക്കാന്‍ അനുവദിക്കുക.

  • ജിഎസ്ടി അടക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം കേന്ദ്രത്തോട് ആവശ്യപ്പെടുക.

  • ഉടന്‍ പുതുക്കേണ്ട തൊഴില്‍ കരാറുകള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുക.

  • ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെ വേതനമില്ലാത്ത അവധി നല്‍കാന്‍ നിയമപരമായി അനുവദിക്കുക.

  • ജിഎസ്ടി ഇന്‍പുട്ട് ക്രെഡിറ്റ് റീഫണ്ട് ഉടന്‍ അനുവദിക്കുക.

  • നികുതിയുമായി ബന്ധപ്പെട്ട എല്ലാ റെവന്യു റിക്കവറി നടപടികളും സെപ്തംബര്‍ 30 വരെ നിര്‍ത്തിവെയ്ക്കുക.

  • ടൂറിസം മേഖലയിലെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് റോഡ് നികുതി ഒഴിവാക്കുകയോ നിരക്ക് കുറയ്ക്കുകയോ ചെയ്യുക

  • വിവിധ നിര്‍മാണ പദ്ധതികളുടെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് നീട്ടുക.

  • സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോളിന് എക്‌സൈസ് ഡ്യൂട്ടി ഒഴിവാക്കുക.

  • സാനിറ്റൈസറിന്റെ ജി എസി ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കുക.

  • സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും വസ്തു നികുതിയും ഇളവ് ചെയ്യുക.

  • എസ് എം ഇ മേഖലയിലെ എല്ലാ സംരംഭങ്ങള്‍ക്കും മൂന്നുമാസത്തേക്ക് വേതന ചെലവിലും ഇ പിഎഫ് വിഹിതത്തിലും സബ്‌സിഡി നല്‍കുക.

  • ജിഎസ്ടി റിട്ടേണ്‍ ഫയലിംഗിന് തിയ്യതി ദീര്‍ഘിപ്പിച്ച് നല്‍കുക.

  • വെള്ളം, വൈദ്യുത എന്നിവയുടെ ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് കൊണ്ടുവരിക.

  • വര്‍ക്ക് ഫ്രം ഹോം മികച്ച രീതിയില്‍ നടക്കാന്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ്, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഇവ ഉറപ്പാക്കുക.

  • എസ്എംഇകള്‍ക്ക് സര്‍ക്കാര്‍ പ്രോജക്ര്റ്റുകളിലും ടെന്‍ഡറുകളിലും പങ്കെടുക്കാന്‍ ഇളവുകള്‍ നല്‍കുക.

  • കേരളത്തില്‍ കോവിഡിന്റെ വ്യാപനം ഏകദേശം നിയന്ത്രണത്തിലായതിനാല്‍ ഏപ്രില്‍ 15നുശേഷം എല്ലാ ഫാക്ടറികളും കച്ചവട സ്ഥാപനങ്ങളും നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പെട്ടന്നൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനാകാത്ത വിധം തകര്‍ന്നുപോകും മുമ്പേ പിടിച്ചുനില്‍ക്കാന്‍ ഇത് ആവശ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News