ജീവനക്കാർക്ക് മൂൺലൈറ്റിംഗ് അനുവദിച്ച് ഇൻഫോസിസ്, മുൻ‌കൂർ അനുമതി വേണം

നിലവിലുള്ള ഉപഭോക്‌തൃ കരാറുകൾ ലംഘിക്കുകയോ, ജോലിയിലെ കാര്യക്ഷമത കുറയാനോ പാടില്ല

Update:2022-10-22 16:30 IST

പ്രമുഖ ഐ ടി സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് ജീവനക്കാർക്ക് മൂൺലൈറ്റിംഗ് ചെയ്യാൻ അനുവാദം നൽകിയിരിക്കുന്നു. മൂൺലൈറ്റിംഗ് എന്നാൽ ഓഫിസ് സമയം കഴിഞ്ഞ് വൈകുന്നേരമോ രാത്രിയോ മറ്റ് ജോലികളിൽ ഏർപെടുന്നതാണ്. എന്നാൽ ജീവനക്കാർ മൂൺലൈറ്റിംഗ് നടത്താനായി മാനേജർ മാരുടെയോ എച്ച് ആർ എക്സിക്യൂട്ടീവുകളുടെയോ മുൻ‌കൂർ അനുമതി തേടണം.

ഇത്തരം അധിക തൊഴിൽ ചെയ്യുന്നത് മുഴുവൻ സമയ ജോലിയിലെ കാര്യക്ഷമത കുറയാനോ, നിലവിലെ ഉപഭോക്‌തൃ കരാറുകൾ ലംഘിക്കാനോ പാടില്ല. ഇൻഫോസിസിലെ ജീവനക്കാർ അധികം നൈപുണ്യം നേടുന്നതും, കൂടുതൽ പരിചയ സമ്പത്ത് ലഭിക്കുന്നതിനോടും കമ്പനി എതിരല്ല. എന്നാൽ മറ്റ് ജോലികൾ ചെയ്യുന്നതിലൂടെ ഇൻഫോസിൽ ചെയ്യേണ്ട ജോലികളിൽ കാര്യക്ഷമത കുറയാൻ പാടില്ല.

നേരത്തെ ഇൻഫോസിസ് സി ഇ ഒ സലിൽ പരീഖ് ജീവനക്കാർക്ക് ഇൻഫോസിസിലെ തന്നെ അധിക ജോലി ചെയ്യാൻ ജീവനക്കാർക്ക് അനുവാദം നൽകിയിരുന്നു. അതിനായി ആക്സിലറേറ്റ് എന്ന ആഭ്യന്തര ആപ്പ് സജ്ജമാക്കി. ഇതിലൂടെ 4000 ത്തിൽ അധികം അപേക്ഷകൾ ഒരു ത്രൈമാസത്തിൽ ലഭിച്ചതിൽ 600 പേർക്ക് അനുവാദം നൽകി.

ഇരട്ട തൊഴിൽ ചെയ്യുന്നതിനെ കമ്പനി അനൂകൂലിക്കുനില്ല. ഇതിലൂടെ കമ്പനിയുടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോരാനും സാധ്യത ഉണ്ട്.

മറ്റൊരു പ്രമുഖ ഐ ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി സി എസ്) കമ്പനിയിൽ തന്നെ അധിക ജോലി ഏറ്റെടുത്തു ചെയ്യാനുള്ള സൗകര്യം എല്ലാ ജീവനക്കാർക്കും നൽകാൻ ആലോചിക്കുന്നു. എന്നാൽ ജീവനക്കാർ മറ്റ് കമ്പനികളിൽ ഭാഗീകമായി ജോലി ചെയ്യുന്നത് ധാർമികമായി ശരിയല്ല എന്ന നിലപാടാണ് ടി സി എസ് മാനേജ് മെൻറ്റ് എടുത്തത്.
ഒഴിവ് സമയത്ത് അല്ലെങ്കിൽ ഓഫീസ് സമയം കഴിഞ്ഞ മറ്റ് കമ്പനികൾക്ക് വേണ്ടി പണിയെടുക്കുന്നത് (gig jobs) വർധിക്കുന്നത് ഐ ടി കമ്പനികൾക്ക് പ്രതിസന്ധി യാവുകയാണ്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിച്ചാൽ ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖ ഐ ടി കമ്പനികൾ മൂൺലൈറ്റിംഗ് അല്ലെങ്കിൽ ഗിഗ് ജോലികളിൽ ഏർപെടുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി എത്തിയിരിക്കുന്നത്.


Tags:    

Similar News