രാജ്യാന്തര വിലയില്‍ തിരിച്ചിറക്കം; 205 പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് ആശങ്ക

ഒറ്റയടിക്ക് കൂടുതല്‍ ചരക്കെത്തുന്നതോടെ പ്രാദേശിക വിപണിയില്‍ പെട്ടെന്ന് വില കൂപ്പുകുത്തിയേക്കുമെന്ന ആശങ്ക കര്‍ഷകരിലുമുണ്ട്

Update:2024-06-24 10:20 IST

Image : Canva

കേരളത്തില്‍ റബര്‍ വില 12 വര്‍ഷത്തിനുശേഷം 200 കടന്ന ആവേശത്തിലായ കര്‍ഷകര്‍ക്ക് ആശങ്ക സമ്മാനിച്ച് അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടം. ഒരാഴ്ചയ്ക്കുള്ളില്‍ ബാങ്കോക്ക് വിലയിൽ 28 രൂപയോളമാണ് ഇടിഞ്ഞത്. നിലവില്‍ കേരളത്തില്‍ 205 രൂപ വരെ വിലയുണ്ടെങ്കിലും രാജ്യാന്തര വിലയിലെ കുറവ് കേരളത്തിലും വില കുറയാന്‍ ഇടയാക്കിയേക്കും.

ടയര്‍ നിര്‍മാതാക്കളെ സംബന്ധിച്ച് രാജ്യാന്തര വിലയിലുണ്ടാകുന്ന ഏതൊരു കുറവും സന്തോഷം പകരുന്നതാണ്. വിദേശത്തു നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ച് പ്രാദേശിക മാര്‍ക്കറ്റില്‍ വിലയിടിക്കുകയാണ് കാലങ്ങളായുള്ള രീതി. രണ്ടാഴ്ച മുമ്പുവരെ രാജ്യാന്തര ഇവിടത്തെ മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കുമതി കൂടുതല്‍ ലാഭകരമായ അവസ്ഥയിലെത്തിയിട്ടുണ്ട്. ബാങ്കോക്ക് വില നിലവില്‍ 185 രൂപയാണ്. ഇത് ഇനിയും കുറഞ്ഞേക്കുമെന്നാണ് വിവരം.

ഓഗസ്റ്റ് വരെ ഇറക്കുമതി എളുപ്പമാകില്ല

ചൈന കപ്പലുകളും കണ്ടെയ്‌നറുകളും കൂട്ടത്തോടെ ബുക്ക് ചെയ്തതിനാല്‍ ടയര്‍ നിര്‍മാതാക്കള്‍ക്ക് ഇറക്കുമതി അത്ര എളുപ്പമാകില്ല. ഓഗസ്റ്റ് വരെയാണ് ചൈന മുന്‍കൂര്‍ ബുക്കിംഗ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയില്‍ പെട്ടെന്ന് കൂടുതല്‍ ചരക്ക് ഇറക്കുമതി നടത്താന്‍ പറ്റില്ല. എന്നാല്‍ കണ്ടെയ്‌നര്‍ ലഭ്യത കൂടുന്നതോടെ ഇറക്കുമതിയും വര്‍ധിക്കും.

ഒറ്റയടിക്ക് കൂടുതല്‍ ചരക്കെത്തുന്നതോടെ പ്രാദേശിക വിപണിയില്‍ പെട്ടെന്ന് വില കൂപ്പുകുത്തിയേക്കുമെന്ന ആശങ്ക കര്‍ഷകരിലുമുണ്ട്. കേരളത്തിലെ തോട്ടങ്ങള്‍ സജീവമാകുന്നതേയുള്ളൂ. റെയിന്‍ ഗാര്‍ഡുകള്‍ ഇടുന്ന ജോലികള്‍ തോട്ടങ്ങളിലെല്ലാം ഉഷാറാണ്. വിലകൂടിയതോടെ അടുത്ത കാലത്തായി ടാപ്പിംഗ് നടത്താതിരുന്ന തോട്ടങ്ങളിലും ആളനക്കം വന്നിട്ടുണ്ട്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വലിയതോതില്‍ ഉത്പാദനം കൂടുമെന്നതിനാല്‍ വിലയില്‍ വലിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നാണ് വ്യാപാരികളും പറയുന്നത്. കര്‍ഷകര്‍ ചരക്കു പിടിച്ചു വയ്ക്കാനുള്ള തീരുമാനമെടുക്കുന്നത് മണ്ടത്തരമാകുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്കുന്നു.
Tags:    

Similar News