2026 ഓടെ ഇന്ത്യയില്‍ 33 കോടി 5 ജി ഉപഭോക്താക്കളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഒരു സ്മാര്‍ട്ട്‌ഫോണിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം മൂന്നിരട്ടി വര്‍ധിച്ച് 40 ജിബിയാകും
5 ജി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെ 2026 ല്‍ 33 കോടി 5 ജി ഉപഭോക്താക്കളുണ്ടാകുമെന്ന റിപ്പോര്‍ട്ടുമായി നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ വമ്പന്മാരായ എറിക്സണ്‍. 2026 ഓടെ ഇന്ത്യയില്‍ 33 കോടി 5 ജി വരിക്കാരുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഒരു സ്മാര്‍ട്ട്ഫോണിന്റെ പ്രതിമാസ ഡാറ്റാ ഉപഭോഗം മൂന്നിരട്ടി വര്‍ധിച്ച് 40 ജിബിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറിക്സണ്‍ മൊബിലിറ്റി 2021 റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണിന്റെ ശരാശരി ഡാറ്റ ഉപഭോഗം 14.6 ജിബിയാണ്. ലോകത്തില്‍ തന്നെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
'ഇന്ത്യയില്‍ 4 ജി സബ്‌സ്‌ക്രിപ്ഷനുകള്‍ 2020 ല്‍ 68 കോടിയില്‍ നിന്ന് 2026 ല്‍ 83 കോടിയായി ഉയരും. 2026 അവസാനത്തോടെ 5 ജി ഇന്ത്യയിലെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുകളില്‍ 26 ശതമാനത്തെ പ്രതിനിധീകരിക്കും, ഏകദേശം 33 കോടി സബ്‌സ്‌ക്രിപ്ഷനുകള്‍' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026 ഓടെ ആകെ 5 ജി ഉപഭോക്താക്കളുടെ എണ്ണം 3.5 ബില്ല്യണിലെത്തിയേക്കും.
ഇന്ത്യയിലെ മെഗാ-മെട്രോ നഗരങ്ങളില്‍ താമസിക്കുന്ന 4 ജി ഹോം ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്ന 42 ശതമാനം ഉപഭോക്താക്കള്‍ക്കും 5 ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് കണക്ഷന്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി എറിക്‌സണ്‍ ഇന്ത്യ മേധാവിയും നെറ്റ്വര്‍ക്ക് സൊല്യൂഷന്‍സ് ചീഫുമായ നിതിന്‍ ബന്‍സാല്‍ എന്നിവര്‍ പറഞ്ഞു.
2020 ല്‍ സ്മാര്‍ട്ട്ഫോണ്‍ സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണം 81 കോടിയാണ്. 2026 ഓടെ ഇത് 1.2 ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ല്‍ മൊത്തം മൊബൈല്‍ സബ്സ്‌ക്രിപ്ഷനുകളില്‍ 72 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ സബ്സ്‌ക്രിപ്ഷനുകളാണ്. 2026 ല്‍ ഇത് 98 ശതമാനത്തിലധികമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.