സോഷ്യൽ മീഡിയ അതികായനായ ഫേസ്‌ബുക്കിനെ വിഭജിക്കാൻ സമയമായെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹപാഠിയും ഫെയ്‌സ്ബുക്കിന്റെ സഹസ്ഥാപകനുമായ ക്രിസ് ഹ്യൂഗ്‌സ്. ന്യുയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ഹ്യൂഗ്‌സിന്റെ നിര്‍ദ്ദേശം.
"മാർക്കിന്റെ സ്വാധീനം അമ്പരപ്പിക്കുന്നതാണ്. ഗവൺമെന്റിലോ സ്വകാര്യ മേഖലയിലോ ഉള്ള ആരേയും കടത്തിവെട്ടുന്നതാണിത്. അദ്ദേഹം മൂന്ന് പ്രധാന കമ്മ്യൂണിക്കേഷൻ പ്ലാറ്റ് ഫോമുകളാണ് നിയന്ത്രിക്കുന്നത്-ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ്. ഇവയാകട്ടെ കോടിക്കണക്കിന് പേർ ദിവസേന ഉപയോഗിക്കുന്നതും," ഹ്യൂഗ്‌സ് പറയുന്നു.
"ഫേസ്‌ബുക്കിന്റെ ബോർഡ് ഒരു അഡ്വൈസറി കമ്മിറ്റി പോലെയാണ് പ്രവർത്തിക്കുന്നത്. കാരണം 60 ശതമാനം വോട്ടിംഗ് ഷെയറും മാർക്കിന്റെ കൈയ്യിലാണ്. അതുകൊണ്ടുതന്നെ തീരുമാനങ്ങൾ ഒറ്റക്കെടുക്കാനുള്ള പവർ അദ്ദേഹത്തിനുണ്ട്," ലേഖനത്തിൽ ഹ്യൂഗ്‌സ് ചൂണ്ടിക്കാട്ടുന്നു.
ഫെയ്‌സ്ബ്ക്കിനെയും അതിനു കീഴിലുള്ള വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയെയും പ്രത്യേക സ്ഥാപനങ്ങളായി വിഭജിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
"അദ്ദേഹം ഇപ്പോഴും പണ്ട് ഞാൻ കണ്ടിരുന്ന അതേ വ്യക്തി തന്നെയാണ്. ദയാലുവാണ്. പക്ഷെ, അദ്ദേഹത്തിന് ചുറ്റും ഇപ്പോഴുള്ളത്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ശരിയാണെന്ന് വാഴ്ത്തുന്ന ഒരു കൂട്ടം ആളുകളാണ്. മാർക്കിന്റെ അഭിപ്രായങ്ങളിൽ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുന്ന ആരുമില്ല," ഹ്യൂഗ്‌സ് പറയുന്നു.
"ഞാൻ എന്നിലും ഫേസ്‌ബുക്കിന്റെ ആദ്യകാല ടീമിലും ഇന്ന് നിരാശനാണ്. കാരണം, ഫേസ്‌ബുക്കിന്റെ ന്യൂസ് ഫീഡ് അൽഗോരിതം നമ്മുടെ സംസ്കാരം എങ്ങനെ മാറ്റിമറിക്കുമെന്നും തെരഞ്ഞെടുപ്പുകളെ എങ്ങനെ സ്വാധീനിക്കുമെന്നും മുൻകൂട്ടിക്കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല," ഹ്യൂഗ്‌സ് പറയുന്നു.
എന്നാല്‍ ക്രിസ് ഹ്യൂഗ്‌സിന്റെ നിര്‍ദ്ദേശം തള്ളുന്നതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. മറ്റേതൊരു കമ്പനിയേക്കാളുമേറെ സുരക്ഷയിൽ തങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സക്കർബർഗും അറിയിച്ചു. ധാരാളം ഉപഭോക്താക്കളും ഒന്നിലധികം പ്ലാറ്റ് ഫോമുകളും ഉള്ളതാണ് ഫേസ്‌ബുക്കിന്റെ ശക്തിയെന്നും ഹ്യൂഗ്‌സിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി സക്കർബർഗ് പറഞ്ഞു.
ഈയിടെ കേംബ്രിഡ്ജ് അനാലിറ്റിക്ക ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ ഫേസ്‌ബുക്ക് അകപ്പെട്ടിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത, ജനാധിപത്യ രാഷ്ട്രീയം, തെരഞ്ഞെടുപ്പുകൾ, വിഭാഗീയത തുടങ്ങി നിരവധി വിഷയങ്ങളിൽ നിരവധി ഭരണകൂടങ്ങൾക്ക് മുൻപിൽ സക്കർബർഗിന് വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ട്.