ഏറ്റവും നിരക്ക് കുറഞ്ഞ 70 വിമാനങ്ങളുമായി എയര്‍ലൈന്‍ മേഖലയിലേക്കെത്തുമെന്നുറപ്പിച്ച് ജുന്‍ജുന്‍വാല!
രാകേഷ് ജുന്‍ജുന്‍വാലയുടെ വ്യോമയാന ബിസിനസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
രാകേഷ് ജുന്‍ജുന്‍വാല 70 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ പുതിയ വിമാനക്കമ്പനിക്കായി ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് താനെന്നാണ് ഇന്ത്യയുടെ വാരന്‍ ബഫറ്റ് പറയുന്നത്. കാരിയറിന്റെ 40 ശതമാനം ഉടമസ്ഥതയ്ക്കായുള്ള 35 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും ജുന്‍ജുന്‍വാല വ്യക്തമാക്കി.
എയര്‍ലൈന്‍ നടപടികള്‍ പുരോഗമിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് 15 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂംബര്‍ഗ് ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വളരെ കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന വിമാന സര്‍വീസിന്റെ പേര് ആകാശ(അസമമെ) എയര്‍ എന്നായിരിക്കുമെന്നും ഡെല്‍റ്റ എയര്‍ ലൈന്‍സ് ഇന്‍കോര്‍പ്പറേഷന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ഉള്‍പ്പെടുന്ന ടീം 180 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാന സര്‍വീസ് ആകും പ്രവര്‍ത്തിക്കുക എന്നും ജുന്‍ജുന്‍വാല പറഞ്ഞു.
ഉയര്‍ന്ന ചെലവ് താങ്ങാനാകാതെ നിരക്ക് യുദ്ധങ്ങള്‍ നടക്കുന്ന നിരവധി പ്രതിസന്ധികള്‍ നേരിട്ട് പല കമ്പനികളും പിന്‍വാങ്ങുന്ന മേഖലയിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാവുന്ന വിമാന സര്‍വീസ് വാഗ്ദാനം ചെയ്ത് എത്തുന്ന ജുന്‍ജുന്‍വാലയെ ലോകം മുഴുവനുമുള്ള നിക്ഷേപകരും ഉറ്റു നോക്കുകയാണ്. വ്യോമയാന ബിസിനസിലെ വരാനിരിക്കുന്ന വളര്‍ച്ചാസാധ്യത മുന്നില്‍ കണ്ടാണ് എയ്‌സ് നിക്ഷേപകന്റെ നീക്കങ്ങളെന്നാണ് വിപണിയില്‍ ചര്‍ച്ചയാകുന്നത്.
എയര്‍ലൈന്‍മേഖല കോവിഡിന് മുമ്പ് തന്നെ തകര്‍ച്ച നേരിട്ടിരുന്നതാണ്, ഏറ്റവും മികച്ച നിലയിലായിരുന്ന കിംഗ് ഫിഷറിന്റെയും അതിനുശേഷം തകര്‍ന്ന ജെറ്റ് എയര്‍വേയിസിനെയും ജുന്‍ജുന്‍വാല പരാമര്‍ശിക്കുന്നുണ്ട് അഭിമുഖത്തില്‍. താനേതായാലും ഈ മേഖലയെ ബുള്ളിഷ് ആയാണ് നോക്കി കാണുന്നതെന്ന നിലപാടിലുറച്ചാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ നീക്കങ്ങളും.