ഫുഡ്‌ബോള്‍ ആരവങ്ങള്‍ക്കിടെ ഒടിടി- പരസ്യവിപണി ലക്ഷ്യമിട്ട് ജിയോ സിനിമ

ജിയോ സിനിമ ആപ്പിലൂടെ വിയാകോം18 ഖത്തര്‍ ലോകകപ്പ് സൗജന്യമായാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇത്തരത്തില്‍ സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്ന രീതി രാജ്യത്ത് ഇത് ആദ്യമാണ്.

Update:2022-11-20 08:30 IST

ക്രിക്കറ്റ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പ്രചാരമുള്ള കായിക ഇനമാണ് ഫുഡ്‌ബോള്‍. അതുകൊണ്ട് തന്നെ ലോകകപ്പ് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ഒടിടി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം ഉയരും എന്ന കാര്യത്തില്‍ സംശയമില്ല. ഒടിടി വിപണിയിലെ ഈ അവസരം മുന്നില്‍ കണ്ടാണ് ജിയോ സിനിമ ആപ്പിലൂടെ വിയാകോം18 ഖത്തര്‍ ലോകകപ്പ് സൗജന്യമായാണ് സംപ്രേക്ഷണം ചെയ്യുന്നത്.

നിബന്ധനകളില്ലാതെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും ഇത്തരത്തില്‍ സൗജന്യ സ്ട്രീമിംഗ് അനുവദിക്കുന്ന രീതി രാജ്യത്ത് ഇത് ആദ്യമാണ്. റിലയന്‍സിന്റെ ടിവി18, വിയാകോം സിബിഎസ് (പാരാമൗണ്ട് ഗ്ലോബല്‍) എന്നിവയുടെ സംയുക്ത സംരംഭമാണ് വിയാകോം 18. ലോകകപ്പിന്റെ ടിവി ബ്രോഡ്കാസ്റ്റിംഗ് അവകാശവും വിയാകോമിന് തന്നെയാണ്.

ലോകകപ്പിന്റെ പരസ്യവിപണിയും വിയാകോമിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ടെലിവിഷന്‍-ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അമൂല്‍, മഹീന്ദ്ര, എസ്ബിഐ, ഇന്റല്‍ അടക്കമുള്ള നിരവധി ബ്രാന്‍ഡുകള്‍ വിയാകോമുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗി സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ബൈജൂസിന്റെ പുതിയ ക്യാമ്പെയിനും ലോകകപ്പിനെത്തും. പരസ്യങ്ങളില്‍ നിന്ന് 300 കോടിയോളം രൂപ വിയാകോമിന് നേടാന്‍ സാധിക്കുമെന്നാണ് മീഡയ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരുടെ വിലയിരുത്തല്‍.

Tags:    

Similar News