എംഎസ്എംഇ സംരംഭങ്ങളെ ഡിജിറ്റലാക്കാന്‍ പ്ലാനുകളുമായി ജിയോ; അറിയാം

സംരംഭങ്ങള്‍ക്ക് കണക്ടിവിറ്റി, ഉല്‍പാദനക്ഷമത, ഓട്ടോമേഷന്‍ എന്നിവയ്ക്കായി മിതമായ നിരക്കില്‍ ജിയോ പ്ലാനുകള്‍ ഉപയോഗിക്കാം. വിശദാംശങ്ങളറിയാം.

Update:2021-03-10 19:23 IST

1999 രൂപയുടെ വമ്പന്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യത്തെ എംഎസ്എംഇ സംരംഭങ്ങളെ ശാക്തീകരിക്കാന്‍ പുതിയ പദ്ധതിയുമായി ജിയോ. ഇന്ത്യയിലെ 50 കോടി വരുന്ന മൈക്രോ, ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി 'ജിയോ ഫൈബര്‍ ബിസിനസ്' എന്ന പേരില്‍ പ്രത്യേക പ്ലാനുകള്‍ ആണ് അവതരിപ്പിച്ചിട്ടുള്ളത്.

ഫൈബര്‍ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ബിസിനസുകാര്‍ക്ക് ആവശ്യമായേക്കാവുന്ന ഡിജിറ്റല്‍ സേവനങ്ങളുമാണ് പുതിയ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത്. വോയ്സ്, ഡാറ്റ എന്നീ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എന്റര്‍പ്രൈസ് ഗ്രേഡ് ഫൈബര്‍ കണക്റ്റിവിറ്റി, സംരംഭങ്ങളെ ബിസിനസ് കൈകാര്യം ചെയ്യുവാനും വളര്‍ത്താനും പിന്തുണ നല്‍കുന്ന ഡിജിറ്റല്‍ സൊല്യൂഷന്‍സ്, ഇവ പ്രാപ്തമാക്കാന്‍ സഹായിക്കുന്ന ഡിവൈസുകള്‍ എന്നിവ പ്ലാനില്‍ ഉള്‍പ്പെടുന്നു.
901 രൂപ, 5,001 രൂപ എന്നിങ്ങനെയാണ് പുതിയപ്ലാനുകള്‍. 100 എംബിപിഎസ് അണ്‍ലിമിറ്റഡ് ഫൈബര്‍ ബ്രോഡ്ബാന്‍ഡിനൊപ്പം എന്റര്‍പ്രൈസ്-ഗ്രേഡ് ഐപി സെന്‍ട്രെക്‌സും സൗജന്യ വോയ്സ് കോളിങുമാണ് 901 രൂപയുടെ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. സംരംഭകര്‍ക്ക് 1 ജിബിപിഎസ് വേഗതയും പരിധിയില്ലാത്ത കോളുകളുമാണ് ജിയോയുടെ 5,001 രൂപ മുതലുള്ള ഡിജിറ്റല്‍ സൊല്യൂഷന്‍ താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ പ്രത്യേകം തയ്യാറാക്കിയതാണെന്ന് ജിയോ ഡയറക്ടര്‍ ആകാശ് അംബാനി പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നിലവില്‍ അവരുടെ സ്ഥാപനത്തിലെ കണക്റ്റിവിറ്റി, ഉല്‍പാദനക്ഷമത, ഓട്ടോമേഷന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കായി പ്രതിമാസം 15,000 മുതല്‍ 20,000 രൂപ വരെ ചെലവിടുന്നു. ജിയോ കണക്റ്റിവിറ്റിയോടൊപ്പം ഈ ചെലവ് പ്രതിമാസം വലിയൊരു ശതമാനത്തിലേക്ക് കുറയ്ക്കാനാകുമെന്നും ആകാശ് അംബാനി വ്യക്തമാക്കി. സംരംഭകര്‍ക്ക് www.jio.com/business വെബ്സൈറ്റ് സന്ദര്‍ശിച്ച് കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കണം. അപേക്ഷ സമര്‍പ്പിച്ചാലുടന്‍ ജിയോ പ്രതിനിധി തിരികെ ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു.


Tags:    

Similar News