സ്‌പെക്ട്രം കുടിശ്ശിക തീര്‍ത്ത് ജിയോ; വരുമാന ലക്ഷ്യം കൈവരിച്ച് സര്‍ക്കാര്‍
30791 കോടി രൂപ അടച്ചതിലൂടെ ജിയോ ലാഭിച്ചത് 1200 കോടിയിലേറെ രൂപ
സ്‌പെക്ട്രം കുടിശ്ശികയിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുകയില്‍ 30791 കോടി രൂപ നല്‍കി ജിയോ. 2014 ലെ സ്‌പെക്ട്രം ലേലത്തില്‍ അടയ്‌ക്കേണ്ട തുകയാണിത്. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം വരുമാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച ലക്ഷ്യം കൈവരിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തിനിടയില്‍ ഇത് മൂന്നാം തവണ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുന്നത്.
ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളിലൂടെ 53986.72 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമേ ലൈസന്‍സ് ഫീ, സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ചാര്‍ജ് തുടങ്ങിയവയും ലഭിക്കും. 2022 സാമ്പത്തിക വര്‍ഷം 25,000-28,000 കോടി രൂപയാണ് ഈ രണ്ടു മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന് നേടാനായത്.
2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ലേലത്തിലെടുത്ത സ്‌പെക്ട്രത്തിനും 2021 ലെ സ്‌പെക്ട്രത്തിനായുള്ള തുകയും പലിശയും ഉള്‍പ്പടെയാണ് ജിയോ അടച്ചു തീര്‍ത്തത്. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ 2034-35 വരെ ഗഡുക്കളായി അടച്ചു തീര്‍ക്കേണ്ട തുകയാണ് ജിയോ ഒറ്റയടിക്ക് അടച്ചു തീര്‍ത്തത്. ഇതിലൂടെ കമ്പനിക്ക് പലിശ ഇനത്തില്‍ 1200 കോടി രൂപയോളം ലാഭിക്കാനായെന്നാണ് റിപ്പോര്‍ട്ട്.