എല്‍എന്‍ജി ട്രക്കുകള്‍ വരുന്നു; ഗ്രീന്‍ലൈനുമായി കൈകോര്‍ത്ത് ജെ കെ ലക്ഷ്മി സിമന്റ്
എല്‍എന്‍ജി ഇന്ധന ഗതാഗതത്തിലേക്ക് മാറുന്നതോടെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത് സാഹയിക്കും
സിമന്റ് കയറ്റുമതിക്കായി എല്‍എന്‍ജി ഇന്ധനമുള്ള ഹെവി ട്രക്കുകള്‍ അവതരിപ്പിക്കുന്നതിനായി ജെ കെ ലക്ഷ്മി സിമന്റ്, ഗ്രീന്‍, സ്മാര്‍ട്ട് ലോജിസ്റ്റിക്സിലെ ഇന്ത്യയിലെ മുന്‍നിരക്കാരായ ഗ്രീന്‍ലൈനുമായി കൈകോര്‍ത്തു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റോഡ് ഗതാഗതത്തില്‍ ഘട്ടം ഘട്ടമായി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ ജെകെ ലക്ഷ്മി സിമന്റിനെ ഗ്രീന്‍ലൈന്‍ പ്രാപ്തമാക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയിലെ ട്രക്കുകള്‍ സാധാരണയായി ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
തുടക്കത്തില്‍ രാജസ്ഥാനിലെ സിരോഹിയില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് 10 എല്‍എന്‍ജി ട്രക്കുകള്‍ ഓടും. പിന്നീട് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് ഗണ്യമായി വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ പദ്ധതിയിടുന്നത്. ഓരോ എല്‍എന്‍ജി ട്രക്കും പ്രതിവര്‍ഷം 35 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നു. എല്‍എന്‍ജി ഇന്ധന ഗതാഗതത്തിലേക്ക് മാറുന്നതോടെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത് സാഹയിക്കുമെന്ന് കമ്പനി അറിയിച്ചു.
നമ്മുടെ സമൂഹത്തെയും പരിസ്ഥിതിയെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വളര്‍ച്ചയിലാണ് ജെകെ ലക്ഷ്മി സിമന്റ് വിശ്വസിക്കുന്നതെന്ന് ജെ കെ ലക്ഷ്മി സിമന്റ് ലിമിറ്റഡ് പ്രസിഡന്റും ഡയറക്ടറുമായ അരുണ്‍ ശുക്ല പറഞ്ഞു. ഈ സംരംഭം രാജ്യത്തെ സിമന്റ് ഗതാഗത വ്യവസായത്തിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ ട്രക്കുകളിലേക്കുള്ള ഈ യാത്രയില്‍ ഇനിയും നിരവധി വ്യവസായങ്ങള്‍ തങ്ങളോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രീന്‍ലൈനിന്റെ സിഇഒ ആനന്ദ് മിമാനി പറഞ്ഞു.