'കണ്ണൂര്‍ ഫെനി', കശുമാങ്ങയില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കാന്‍ പയ്യാവൂര്‍ സഹകരണ ബാങ്ക്

ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 500 രൂപയ്ക്ക് വില്‍ക്കാമെന്നാണ് നിര്‍ദേശം

Update: 2022-07-04 07:03 GMT

Pic Courtesy : Representational Image

കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി-Kannur Feni) ഉല്‍പാദിപ്പിക്കാന്‍ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അന്തിമാനുമതി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സംഘത്തിന് മദ്യം ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. ഫെനി ഉല്‍പാദനം സര്‍ക്കാരിനും കര്‍ഷകര്‍ക്കും നേട്ടമുണ്ടാക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ ബാങ്ക് പറയുന്നത്.

2016ല്‍ ആണ് ബാങ്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിച്ചത്. അന്തിമാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത് 2022 ജൂണ്‍ 30ന് ആണ്. സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങള്‍ ആവിഷ്‌കരിക്കാന്‍ വൈകിയതിനാല്‍ കഴിഞ്ഞ സീസണില്‍ ഉത്പാദനം നടത്താനായിരുന്നില്ല.

ഒരു ലിറ്റര്‍ ഫെനിക്ക് 200 രൂപ ചെലവ് വരും എന്നാണ് കണക്ക്. ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 500 രൂപയ്ക്ക് വില്‍ക്കാമെന്നാണ് നിര്‍ദേശം. അടുത്ത ഡിസംബറോടെ ബാങ്ക് ഫെനി ഉല്‍പാദനം ആരംഭിക്കും.

കശുമാങ്ങ (Cashew Nut) സംസ്‌കരിക്കുന്നതിനും മറ്റുമായി പയ്യാവൂര്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലവും ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കപ്പയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം (Liquor) നിര്‍മിക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News