കേരളത്തിലെ ആദ്യ സഹകരണ വ്യവസായ പാര്‍ക്ക് കണ്ണൂരില്‍ തുടങ്ങിയേക്കും
16 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു
സംസ്ഥാനത്തെ വ്യാവസായിക സൗഹൃദമാക്കി വളര്‍ത്തുക ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായി ഇനി സഹകരണ മേഖലയ്ക്ക് കീഴിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. സഹകരണ സ്ഥാപനങ്ങള്‍ക്ക് തന്നെയായിരിക്കും ഇവയുടെ നിയന്ത്രണം. സംസ്ഥാനത്തെ ആദ്യ സഹകരണ വ്യവസായ പാര്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാനാണ് നീക്കം. സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയ്‌ക്കോ കണ്‍സോര്‍ഷ്യം രൂപീകരിച്ചോ പാര്‍ക്ക് സ്ഥാപിക്കാമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം നിഷ്‌കര്‍ഷിച്ചിരുന്നു.
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ നേരത്തേ തന്നെ സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരുന്നു. ഇതിനകം 16 എണ്ണത്തിന് വ്യവസായ വകുപ്പിന്റെ അനുമതി ലഭിച്ചു. മാര്‍ച്ചിനകം 35 പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയേക്കും. സ്വകാര്യ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപവരെ ധനസഹായം നല്‍കുന്നുണ്ട്. സഹകരണ വ്യവസായ പാര്‍ക്കുകള്‍ക്കും ഈ ആനുകൂല്യം നല്‍കും.