28 ല്‍ നിന്ന് 15 ലേക്ക് കേരളം: വ്യവസായ സൗഹൃദത്തില്‍ ഒറ്റവര്‍ഷം കൊണ്ട് മികച്ച നേട്ടം
ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളത്തെ സഹായിച്ചത് ചട്ടങ്ങളിലെ ഭേദഗതി ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍
ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ ഒറ്റവര്‍ഷംകൊണ്ട് കേരളത്തിന് വന്‍നേട്ടം. 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 2020ല്‍ 75.49 ശതമാനം സ്‌കോറോടെ പതിനഞ്ചാം സ്ഥാനത്ത് കേരളമെത്തി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആണ് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്.
അന്തിമ സ്‌കോറുകളും ഉപയോക്തൃ അഭിപ്രായ സര്‍വേയും അടിസ്ഥാനമാക്കി ടോപ്പ് അച്ചീവേഴ്‌സ്, അച്ചീവേഴ്‌സ്, അസ്പയറര്‍, എമര്‍ജിംഗ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ നാലായാണ് സൂചികയില്‍ സംസ്ഥാനങ്ങളെ തരംതിരിച്ചിട്ടുള്ളത്. അതില്‍ 'അസ്പയറര്‍' വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014ല്‍ തുടങ്ങിയ റാങ്കിംഗില്‍ 2016 മുതലാണ് കേരളം പങ്കെടുക്കുന്നത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) ഇതിന്റെ നോഡല്‍ ഏജന്‍സി.
വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയതും നയപരമായ തീരുമാനങ്ങള്‍ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തില്‍ ഊന്നല്‍ നല്‍കുന്ന സമഗ്രമായ സമീപനം ദ്രുതഗതിയിലുള്ള നേട്ടത്തിലേക്ക് കേരളത്തെ നയിച്ചുവെന്നും നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ റാങ്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ സര്‍ക്കാരിന് കീഴിലുള്ള വ്യാവസായിക, നിക്ഷേപ പ്രോത്സാഹന ഏജന്‍സികള്‍ക്ക് റാങ്കിംഗിലെ ഇപ്പോഴത്തെ പുരോഗതി പ്രചോദനമാകുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു.
വ്യവസായസംരംഭ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭിക്കുന്ന സംസ്ഥാനമായി മാറാന്‍ ഈ നേട്ടം കേരളത്തെ സഹായിക്കുമെന്ന് കെഎസ്‌ഐഡിസി എം.ഡി: എം.ജി. രാജമാണിക്കം പറഞ്ഞു. എംഎസ്എംഇകള്‍, വനിതകളുടെ സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കായി ആവിഷ്‌കരിച്ച സാമ്പത്തിക സഹായ പദ്ധതികളുടെ ഏകീകൃത സമീപനം ഭാവിയില്‍ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനമായ കെ-സ്വിഫ്റ്റിന്റെ ഉടന്‍ സജ്ജമാകുന്ന മൂന്നാംപതിപ്പും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സംരംഭകവര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം ലക്ഷ്യമിടുന്ന ഒരു ലക്ഷം പുതിയ സംരംഭങ്ങളും കേരളത്തിലെ ബിസിനസ്സ് അന്തരീക്ഷത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംരംഭങ്ങള്‍ എളുപ്പത്തില്‍ തുടങ്ങുന്നതിനും തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നിശ്ചയിച്ച് ബിസിനസ്സ് റിഫോം ആക്ഷന്‍ പ്ലാന്‍ (ബി.ആര്‍.എ.പി.) എന്ന പേരില്‍ ഓരോ വര്‍ഷവും ഡി.പി.ഐ.ഐ.ടി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 2016 ല്‍ കേരളം ഇതില്‍ 22.8 ശതമാനം മാത്രമായിരുന്നു നടപ്പാക്കിയിരുന്നത്. 2019ല്‍ 85 ശതമാനം കാര്യങ്ങളും നടപ്പാക്കിയെങ്കിലും റാങ്കിംഗില്‍ 28 ആയിരുന്നു സ്ഥാനം.
301 പരിഷ്‌കാരനടപടികള്‍ പൂര്‍ത്തിയാക്കാനാണ് 2020ല്‍ ഡി.പി.ഐ.ഐ.ടി. നിര്‍ദേശിച്ചിരുന്നത്. ഇതില്‍ 94 ശതമാനവും നടപ്പാക്കി. സംരംഭകരെ വ്യവസായ വകുപ്പിന്റെ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ മുഖേനെ ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും നടപടിയെടുത്തു.